കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി. 

കൊച്ചി: ഭ്രമയുഗം എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രപ്പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ കോടതിയില്‍. ‘കൊടുമോൺ പോറ്റി’ എന്നാണ് പുതിയ പേര്. ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം വിഷത്തില്‍ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചിട്ടുണ്ട്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി. 

ഇന്നാണ് ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍ എത്തിയത്. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും ഇത് ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിന് മുന്‍പില്‍ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയറ്ററില്‍ എത്തുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സര്‍വൈവല്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

'മമ്മൂക്ക സാർ..ഇതെങ്ങനെ സാധിക്കുന്നു, ആശ്ചര്യം'; 'ഭ്രമയു​ഗ'ത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 'ആൻ മെഗാ മീഡിയ' കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.2023 ഓഗസ്റ്റ് 17ന് ആയിരുന്നു ഭ്രമയുഗം ചിത്രീകരണം ആരംഭിച്ചിരുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് എന്ത് എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..