നേരിന്‍റെ വിജയത്തിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയായതിനാല്‍ മോഹന്‍ലാല്‍ ആരാധകര്‍ വന്‍ വരവേല്‍പ്പാണ് വാലിബന് നല്‍കാന്‍ ഒരുങ്ങുന്നത്
പുതുവര്‍ഷത്തില്‍ മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്. ചിത്രത്തിന്‍റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ചിത്രത്തിന് പല കട്ടുകള്‍ സംവിധായകന്‍ ഒരുക്കുന്നുണ്ടെന്നും മുംബൈയില്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ഹിന്ദി പതിപ്പിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 7 മിനിറ്റ് ആണെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഇത് അവാസ്തവമാണെന്ന റിപ്പോര്‍ട്ട് ആണ് പുതുതായി എത്തുന്നത്.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളെ ഉദ്ധരിച്ച് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "മലൈക്കോട്ടൈ വാലിബന്‍റെ ഒറിജിനല്‍ മലയാളം പതിപ്പ് ഇനിയും സെന്‍സര്‍ ചെയ്തിട്ടില്ല. ചിത്രത്തിന്‍റെ ഒരു പതിപ്പും സെന്‍സറിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്". ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 37 മിനിറ്റ് ആയിരിക്കാമെന്നും ശ്രീധര്‍ പിള്ള പറയുന്നു. എക്സിലൂടെയാണ് ശ്രീധര്‍ പിള്ളയുടെ പോസ്റ്റ്.
നേരിന്‍റെ വിജയത്തിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയായതിനാല്‍ മോഹന്‍ലാല്‍ ആരാധകര്‍ വന്‍ വരവേല്‍പ്പാണ് വാലിബന് നല്‍കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലും പുറത്തുമായി ഒട്ടനവധി ഫാന്‍സ് ഷോകള്‍ ഇതിനകം ഹൗസ്‍ഫുള്‍ ആയിക്കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.
ALSO READ : തമിഴ് താരം പ്രേംജി അമരന്‍ വിവാഹിതനാവുന്നു; വധുവിന് പകുതി പ്രായം
