രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ
അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ആദ്യ സിനിമ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യും. എ പാൻ ഇന്ത്യൻ സ്റ്റോറി എന്നാണ് ചിത്രത്തിൻ്റെ പേര്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമേരിക്കൻ മലയാളിയായ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമ്മിക്കുന്നത്.
രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, ഇത്തവണത്തെ സംസ്ഥാന അവാർഡ് ജേതാവായ ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് അഭിനേതാക്കൾ. പുതുമുഖം വിസ്മയ ശശികുമാറാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: വിഷ്ണു വേണുഗോപാൽ, സംഗീതം: ഭൂമി, സൗണ്ട് ഡിസൈനർ: ഷൈജു എം, ആർട്ട്: റെജു, കളറിംഗ്: വിഎഫെക്സ്: ഷിനു, പ്രൊഡക്ഷൻ കൺട്രോളർ: വിജയനുണ്ണി.

ആളൊരുക്കം എന്ന ആദ്യ ചിത്രത്തിലൂടെ പ്രിയ നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്തതിലൂടെയാണ് വി സി അഭിലാഷ് ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ആളൊരുക്കത്തിന് ശേഷം വി സി അഭിലാഷ് ഒരുക്കിയ ചിത്രമായിരുന്നു സബാഷ് ചന്ദ്രബോസ്. സബാഷ് ചന്ദ്രബോസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്
വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ആഫ്രിക്ക ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയായിരുന്നു സബാഷ് ചന്ദ്രബോസ്.
