ഓ​ഗസ്റ്റ് 25ന് ഓണം റിലീസ് ആയാണ് ആർഡിഎക്സ് തിയറ്ററിൽ എത്തിയത്.

രു സിനിമ ഇറങ്ങുന്നു അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ പ്രേക്ഷകർ ഒരു സിനിമയെ നെഞ്ചേറ്റുകയാണെങ്കിൽ വലിയൊരു കടമ്പ സിനിമ മറികടന്നു എന്നാണ് അർത്ഥം. ഈ ഒരു ട്രെന്റ് ആണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നത്. അതിനൊരു ഉദാഹരണമാണ് ആർഡിഎക്സ്. സൂപ്പർ താരങ്ങളൊന്നും ഇല്ലാതെ എത്തി 2023ൽ 100കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ മിനിസ്ക്രീനിൽ എത്താൻ ഒരുങ്ങുകയാണ് ആർഡിഎക്സ്. 

ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങായി എത്തുന്ന സിനിമയുടെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിനാണ് സാറ്റലൈറ്റ് അവകാശം. ആർഡിഎക്സ് ഡിസംബർ 17 ഞാറാഴ്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ഏഴ് മണിക്കാണ് സ്ട്രീമിം​ഗ്. തിയറ്ററിലും ഒടിടിയിലും സിനിമ കണ്ടവർക്കും കാണാത്തവർക്കും കാണാനുള്ള അവസരം കൂടിയാണിത് ഇത്. 

ഓ​ഗസ്റ്റ് 25ന് ഓണം റിലീസ് ആയാണ് ആർഡിഎക്സ് തിയറ്ററിൽ എത്തിയത്. ഒപ്പം വന്നവരെയും പിന്നീട് വന്നവരെയും പിന്നാലാക്കി, മുൻവിധികളെ മാറ്റി മറി‍ച്ച പ്രകടനം ആയിരുന്നു ചിത്രം തിയറ്ററിൽ കാഴ്ചവച്ചത്. റോബർട്ട്, റോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. ബാബു ആന്റണി, ലാൽ, ഐമ, മഹിമ, വിഷ്ണു അ​ഗസ്ത്യ, മാലാ പാർവതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചൈനയില്‍ നിന്നും ധ്യാനിന് കിട്ടിയൊരു ട്രോഫി- 'ചീനാട്രോഫി' റിവ്യു

ഒക്ടോബറിൽ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. അന്‍പതാം ദിവസം പൂര്‍ത്തിയാക്കിയതിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023ലെ ബെസ്റ്റ് സിനിമകളില്‍ ഒന്നുകൂടിയാണ് ഈ യുവതാരങ്ങളുടെ ചിത്രം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..