റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മലയാളത്തിൽ നിന്നും ആദ്യമായി ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമയാകും ദൃശ്യം.
2013 ഡിസംബറിൽ ഒരു സിനിമ മലയാളത്തിൽ റിലീസ് ചെയ്തു. പേര് ദൃശ്യം. നായകൻ മലയാളത്തിന്റെ മോഹൻലാൽ. സംവിധാനം ജീത്തു ജോസഫ്. മോഹൻലാൽ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം പിന്നീട് കേരളക്കരയിൽ സൃഷ്ടിച്ചത് വൻ തരംഗമായിരുന്നു. ജോർജുകുട്ടി എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ വാണപ്പോൾ കാണികൾക്ക് ലഭിച്ചത് പുത്തൻ ദൃശ്യാനുഭവം ആയിരുന്നു. മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് എന്ന ചിത്രമെന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തം. ചൈനീസ് ഉൾപ്പടെയുള്ള ഭാഷകളിൽ റീമേക്കും ചെയ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുതൽ ദൃശ്യം വീണ്ടും സോഷ്യൽ മീഡിയ ട്രെന്റിങ്ങിൽ ഇടംപടിച്ചിരിക്കുകയാണ്. ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് ഇതിന് കാരണം. ഇക്കാര്യം ഉറപ്പിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവയിൽ കൊടുത്തിരിക്കുന്ന തമ്പ് ഇമേജും മറ്റ് ഡീറ്റൈൽസുമാണ് മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ഹിന്ദി റീമേക്കാണ് യഥാർത്ഥ ചിത്രം എന്ന നിലയിലാണ് ഇവർ വാർത്ത കൊടുത്തിരിക്കുന്നത്. ഹിന്ദി റീമേക്കിന്റെ ഫോട്ടോകളും ആണ് നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മലയാളകൾ രംഗത്ത് എത്തി.
ദൃശ്യത്തിന്റെ യഥാാർത്ഥ വെർഷൻ മലയാളം ആണെന്നും മനപൂർവ്വമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. 'മലയാളം വെർഷനെ മെൻഷൻ ചെയ്യാത്തത് വളരെ മോശമായി പോയി, ഇത് ഞങ്ങളുടെ ലാലേട്ടന്റെ സിനിമയാണ്. അജയ് ദേവ്ഗണിന്റെ അല്ല, മലയാള സിനിമയോട് കാണിക്കുന്ന നീതികേടാണിത്, മണ്ണും ചാരി നിന്ന ബോളിവുഡ് ക്രെഡിറ്റും കൊണ്ടുപോയി, ദൃശ്യം ഒരു മലയാളം സിനിമയാണ്. അജയ് ദേവ്ഗനെ ചേർക്കാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കമൽ ഹാസനെയും വെങ്കിടേഷിനെയും ഒഴിവാക്കിയത് എന്തിന്, മോഹൻലാൽ സിനിമയാണ്. അജയൻ്റെ പേര് ഉൾപ്പെടുത്തരുത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഔട്ട്സൈഡ് റൈറ്റ്സ് വിറ്റ ദൃശ്യത്തിന്റെ നിർമാതാക്കളെയും അണിയറ പ്രവർത്തകരെയും ചിലർ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മലയാളത്തിൽ നിന്നും ആദ്യമായി ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമയാകും ദൃശ്യം. നിലവിൽ, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിട്ടുണ്ട്. കൊറിയൻ ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.
