ബിഗ് ബോസ് മുന്‍ വിജയി അഖില്‍ മാരാരോട് തനിക്കുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരന്‍

ബിഗ് ബോസ് മുന്‍ വിജയി അഖില്‍ മാരാരോട് തനിക്കുണ്ടായിരുന്ന ബഹുമാനം ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് മല്ലിക സുകുമാരന്‍. പറഞ്ഞ വാക്ക് പാലിക്കാത്ത ആളാണ് പൃഥ്വിരാജ് എന്നും പുതുമുഖങ്ങളെ പിന്തുണയ്ക്കാത്ത ആളാണ് അദ്ദേഹമെന്നും അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. ദിലീപിനെ വാഴ്ത്തിയും പൃഥ്വിരാജിനെ വിമര്‍ശിച്ചും ആയിരുന്നു അഖിലിന്‍റെ വാക്കുകള്‍. ഇതിനെതിരെയാണ് മല്ലിക സുകുമാരന്‍റെ പ്രതികരണം. കാര്യങ്ങളെ ഫോളോ ചെയ്യുന്ന ഒരാള്‍ അങ്ങനെ പറയില്ലെന്നും കാര്യസാധ്യത്തിനുവേണ്ടി എന്തും പറയുന്ന ആളാണ് അഖില്‍ മാരാര്‍ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഗാലറി വിഷന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

മല്ലിക സുകുമാരന്‍റെ വിമര്‍ശനം

ബിഗ് ബോസ് മുന്‍ താരങ്ങളില്‍ രജിത് കുമാര്‍, അഖില്‍ മാരാര്‍, മണിക്കുട്ടന്‍ ഇവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്നായിരുന്നു അഭിമുഖകാരന്‍റെ ചോദ്യം. അതിന് അഖില്‍ മാരാര്‍ എന്നായിരുന്നു പരിഹാസസ്വരത്തില്‍ മല്ലിക സുകുമാരന്‍റെ മറുപടി. പിന്നീടായിരുന്നു അഖില്‍ മാരാര്‍ക്കെതിരായ വിമര്‍ശനം. “വഴിയേ പോകുന്ന ചെണ്ടയ്ക്ക് എല്ലാം എടുത്തിട്ട് അടിക്കുന്ന ഒരാള്‍. കൊട്ടാരക്കരയില്‍ വച്ച് ഒരു പരിപാടിയില്‍ വച്ചാണ് ഞാന്‍ ആദ്യം കാണുന്നത്. ബിഗ് ബോസില്‍ നിന്ന് വന്ന സമയത്താണ്. സാമര്‍ഥ്യം ഉള്ള ഒരു ചെറുപ്പക്കാരനെന്ന് അന്ന് ഞാന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇയാള്‍ക്ക് വ്യക്തമായ സ്വന്തം അഭിപ്രായം ഉണ്ടാവുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ ഇല്ല. ഒരു ഭയങ്കര അഭിനേതാവാണ്. പക്ഷേ സിനിമയില്‍ അഭിനയിച്ചത് പറ്റിയില്ല. അല്ലാതെ അഭിനയിക്കാന്‍ മിടുക്കനാ”, മല്ലിക സുകുമാരന്‍റെ പരിഹാസം

“എന്ത് കണ്ടിട്ടാണ് അടുത്ത കാലത്ത് ഇയാള്‍ പറഞ്ഞത് പൃഥ്വിരാജ് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കില്ലെന്ന്. എന്തെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ. കുരുതി തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ അവന്‍ എടുത്തിരിക്കുന്ന എല്ലാ പടങ്ങളിലും പുതിയ ആളുകളാണ്. മോഹന്‍ലാലിനെ വച്ച് ഡയറക്റ്റ് ചെയ്യാന്‍ പോയപ്പോഴത്തെ കാര്യമല്ല ഞാന്‍ പറയുന്നത്. അവന്‍റെ പൈസ മുടക്കി എടുക്കുന്ന പടത്തിലൂടെ സംഗീത സംവിധായകര്‍, അഭിനേതാക്കള്‍, എഴുത്തുകാരുമൊക്കെ പുതുതായി എത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കണ്ട, ആരെയെങ്കിലും സുഖിപ്പിച്ച് എന്തെങ്കിലും കാര്യസാധ്യമുണ്ടെങ്കില്‍ അങ്ങ് പറയുകയാണ്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കുമൊക്കെ പറയാനുണ്ട്. പിന്നെ പറയാത്തത് പാവം കൊച്ചന്‍ ജീവിച്ചുപൊക്കോട്ടെ എന്ന് കരുതിയാണ്. എന്തായാലും അഖില്‍ മാരാര്‍ എന്ന വ്യക്തിയോട് എന്തെങ്കിലുമൊക്കെ ബഹുമാനം ഉണ്ടായിരുന്നത് ഇത്തരം ലൂസ് ടോക്കിലൂടെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാനൊരു ട്രോളന്‍ ആയിട്ടാണ് ‍കാണുന്നത്”, മല്ലിക സുകുമാരന്‍ പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming