എച്ച് വിനോദ് ആണ് സംവിധാനം

തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവുമെന്ന് കരുതപ്പെടുന്ന ദളപതി 69 ന് ഇന്ന് ചെന്നൈയില്‍ തുടക്കമായിരിക്കുകയാണ്. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ക്കൊപ്പം മലയാളികളായ മമിത ബൈജുവും നരേനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. ഇപ്പോഴിതാ പൂജ ചടങ്ങില്‍ നിന്ന് വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മമിത.

മമിതയെ സംബന്ധിച്ച് സ്വപ്നം സത്യമാവുന്ന മുഹൂര്‍ത്തം കൂടിയാണ് ഇത്. വിജയ്‍യെ ഏറെ ആരാധിക്കുന്ന മമിത അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും എന്നാല്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇനി അത് സാധിക്കില്ലല്ലോ എന്ന നിരാശയും നേരത്തെ പങ്കുവച്ചിരുന്നു. പ്രേമലുവിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിലാണ് മമിത ഇക്കാര്യം പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മമിത ബൈജു ദളപതി 69 ന്‍റെ ഭാഗം ആവുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ഗ്രേറ്റ്ഫുള്‍ എന്ന ടാഗും മമിത ചേര്‍ത്തിട്ടുണ്ട്.

എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്‍സിന്‍റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്നിന്‍റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം