ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ചികിത്സാസഹായം ആവശ്യപ്പെട്ട് കമന്‍റിട്ടയാള്‍ക്ക് സഹായം നല്‍കി മമ്മൂട്ടി. 

കൊച്ചി: ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ചികിത്സാസഹായം ആവശ്യപ്പെട്ട് കമന്‍റിട്ടയാള്‍ക്ക് സഹായവുമായി മമ്മൂട്ടി. രണ്ട് കിഡ്നിയും തകരാറിലായ ജയകുമാര്‍ എന്നയാളാണ് ചികിത്സയ്ക്ക് സഹായിക്കണമെന്ന് അപേക്ഷിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടത്. ജയകുമാര്‍ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കിയ മമ്മൂട്ടി ഇതേക്കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായങ്ങള്‍ നല്‍കാനും തന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനോട് നിര്‍ദ്ദേശിച്ചു.

'എന്‍റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്‍റെ രണ്ട് കിഡ്നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്യണം. കൂടാതെ എന്‍റെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിനു പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം' എന്നായിരുന്നു ജയകുമാറിന്‍റെ കമന്‍റ്. മൊബൈല്‍ ഫോണ്‍ നമ്പരും ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രിയുടെയും നമ്പരും ഉള്‍പ്പെടെയായിരുന്നു ജയകുമാറിന്‍റെ കമന്‍റ്. 

'പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസ്സങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന് മുമ്പിലില്ല. രണ്ട് താങ്കള്‍ ഇപ്പോള്‍ ചികിത്സിയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സാധാരണകളും ഇല്ല. എങ്കിലും മമ്മൂകക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സയ്ക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്'- കമന്‍റിനോട് പ്രതികരിച്ച് റോബര്‍ട്ട് കുറിച്ചു.