ജോഷിയും ഐ വി ശശിയും ഹരിഹരനും എം ടി വാസുദേവന്‍ നായരും ടി ദാമോദരനുമൊക്കെ ഹിറ്റുകള്‍ തുടര്‍ച്ചയായി ഒരുക്കി.
'കയ്യൊപ്പി'ലേക്ക് മമ്മൂട്ടി കടന്നുവന്നതിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്. പറയുന്ന വിഷയത്തിലും അവതരണ രീതിയിലുമൊക്കെ താന്‍ ട്രാക്ക് മാറ്റിയ, സ്വന്തമായി നിര്‍മ്മിക്കുകയും ചെയ്‍ത ചിത്രത്തിന്‍റെ കഥ മറ്റൊരു സെറ്റില്‍ വച്ച് മമ്മൂട്ടിയോട് രഞ്ജിത്ത് പറയുന്നു. 'എത്ര നാള്‍ ഷൂട്ട് വേണ്ടിവരും' എന്നു മാത്രമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എന്‍റെ കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ 'ചോദിച്ചത് പണമല്ലെന്നും എത്ര നാള്‍ വേണമെന്നാണെന്നും' വ്യക്തമാക്കി മമ്മൂട്ടി. 'സ്‍പാര്‍ക്ക്' ഉള്ള പ്രോജക്റ്റുകള്‍ മിക്കപ്പോഴും വേഗത്തില്‍ തിരിച്ചറിയാറുള്ള മമ്മൂട്ടി അതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരിലും 'കണ്ടെത്തുന്ന' ഒരു സ്‍പാര്‍ക്ക് ഉണ്ട്, അവരോട് തുടരുന്ന ഒരു ബന്ധവും. ഒരു അഭിനേതാവ് എന്ന നിലയിലെ മമ്മൂട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ അങ്ങനെ ജോഷിയും ഐ വി ശശിയും ഹരിഹരനും എം ടി വാസുദേവന്‍ നായരും ടി ദാമോദരനുമൊക്കെ ഹിറ്റുകള്‍ തുടര്‍ച്ചയായി ഒരുക്കി.
മമ്മൂട്ടിയെ ഏറ്റവുമധികം സിനിമകളില്‍ അഭിനയിപ്പിച്ച സംവിധായകന്‍ ഐ വി ശശി ആയിരിക്കും. ഒരുകാലത്ത് മലയാള സിനിമയുടെ ജനപ്രിയവഴികളെ പുനര്‍രചിച്ച ഐ വി ശശിയുടെ മുപ്പത്തഞ്ചിലേറെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു. എം ടി, ടി ദാമോദരന്‍, ലോഹിതദാസ്, പത്മരാജന്‍, ജോണ്‍പോള്‍ എന്നിങ്ങനെ മലയാളത്തിലെ പ്രശസ്‍ത തിരക്കഥാകൃത്തുക്കളൊക്കെ രചന നിര്‍വ്വഹിച്ച ഐ വി ശശി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി. മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിക്കുന്നതും ഒരു ഐ വി ശശി ചിത്രത്തിലൂടെത്തന്നെ. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1981ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യായിരുന്നു ആ ചിത്രം. എംടിയുടെ രചനയില്‍ അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, മിഥ്യ തുടങ്ങിയ ചിത്രങ്ങള്‍ ഐ വി ശശി ഒരുക്കി. സാമൂഹികമായ ഘടകങ്ങള്‍ കടന്നുവരുമായിരുന്നെങ്കിലും വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളില്‍ ഊന്നിയായിരുന്നു ഈ ചിത്രങ്ങളുടെ പ്രമേയങ്ങള്‍.
എന്നാല്‍ ഒരു സൂപ്പര്‍താരം എന്ന നിലയിലുള്ള മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് ഉതകിയ ഐ വി ശശി ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചത് മറ്റൊരു പ്രതിഭയായിരുന്നു. ടി ദാമോദരന്‍ ആയിരുന്നു അത്. ആക്ഷന്‍ ചിത്രം 'ആവനാഴി' (1986) യിലൂടെ അവതരിച്ച് പിന്നീട് സീക്വലില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ 'ഇന്‍സ്‍പെക്ടര്‍ ബെല്‍റാം' എന്ന ചൂടന്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍ ആയിരുന്നു ആ നിരയില്‍ ഏറ്റവും ജനപ്രിയന്‍. 'ഈനാട്', 'അബ്‍കാരി', '1921' തുടങ്ങിയവയൊക്കെ ആ കൂട്ടത്തില്‍ ഉണ്ട്. ഈ ജോണറുകളിലെ നായകന്മാരില്‍ നിന്നൊക്കെ വേറിട്ട ഭാവത്തിലും ഐ വി ശശി മമ്മൂട്ടിയെ അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ 1989ല്‍ പ്രദര്‍ശനത്തിനെത്തിയ 'മൃഗയ'യിലെ പുലിപിടുത്തക്കാരന്‍ 'വാറുണ്ണി'യാണ് ആ ശ്രേണിയിലെ ദൃഷ്‍ടാന്തം.

താരം എന്ന നിലയിലെ വളര്‍ച്ചയ്ക്കും ആ സ്ഥാനത്തിലെ അതിജീവനത്തിനും സമയാസമയങ്ങളില്‍ അവശ്യംവേണ്ട ഹിറ്റുകള്‍ ഒരുക്കിയ മറ്റൊരു സംവിധായകന്‍ ജോഷി ആയിരുന്നു. ഡെന്നിസ് ജോസഫ് ആയിരുന്നു ആ കൂട്ടുകെട്ടില്‍ പേനയേന്തിയ ആള്‍. ഡെന്നിസ് എഴുതിയ ആദ്യ തിരക്കഥയില്‍ തന്നെ മമ്മൂട്ടിയായിരുന്നു നായകന്‍. ജേസി സംവിധാനം ചെയ്‍ത 'ഈറന്‍ സന്ധ്യ' (1985) യായിരുന്നു ചിത്രം. അതേവര്‍ഷം പിന്നാലെയെത്തിയ 'നിറക്കൂട്ടി'ലൂടെ ഡെന്നിസ് ജോസഫ്- ജോഷി- മമ്മൂട്ടി എന്ന കൂട്ടുകെട്ട് മലയാള സിനിമയില്‍ ഉദയം ചെയ്‍തു. നിറക്കൂട്ട് മുതല്‍ ഡെന്നിസിന്‍റെ തുടര്‍ച്ചയായ ആറ് ചിത്രങ്ങള്‍ ജോഷിക്കും മമ്മൂട്ടിക്കുമൊപ്പം ആയിരുന്നു. പക്ഷേ അവയില്‍ മിക്കതും പരാജയങ്ങള്‍ ആയത് മമ്മൂട്ടിയുടെ കരിയറില്‍ തന്നെ പ്രതിസന്ധി സൃഷ്‍ടിച്ച സമയം. പക്ഷേ 'വീണ്ടും' എന്ന പരാജയ ചിത്രം ഇറങ്ങിയതിന്‍റെ അടുത്ത വര്‍ഷം തന്നെ മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 'ന്യൂഡല്‍ഹി' ഒരുക്കിയതും ജോഷി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടായിരുന്നു. മമ്മൂട്ടിയുടെ താരപരിവേഷത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്കൊപ്പം വ്യത്യസ്‍ത ഫ്ളേവറുകളിലുള്ള ചിത്രങ്ങളുമായി ജോഷി ഒപ്പമുണ്ടായിരുന്നു. ഡെന്നിസ് ജോസഫിനൊപ്പം സംഘവും നായര്‍ സാബും ഒരുക്കിയ ജോഷി ലോഹിതദാസിനൊപ്പം മഹായാനവും കൗരവറും മമ്മൂട്ടി കഥാപാത്രങ്ങളില്‍ വ്യത്യസ്‍തനായ 'കുട്ടേട്ടനെ'യും അവതരിപ്പിച്ചു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ധ്രുവം, സൈന്യം തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയതും ജോഷി തന്നെ.
എംടി, അടൂര്‍ തുടങ്ങിയ മഹാരഥന്മാരുമായുള്ള ഇഴയടുപ്പമുള്ള ബന്ധം വ്യക്തി എന്നതിനേക്കാളുപരി മമ്മൂട്ടി എന്ന പ്രൊഫഷണല്‍ ഉണ്ടാക്കിയ നേട്ടമാണ്. സെറ്റുകളില്‍ 'സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട' ആളെന്ന് ചിലരെങ്കിലും പറഞ്ഞിട്ടുള്ള മമ്മൂട്ടി അതിലും കാര്‍ക്കശ്യക്കാരായ അടൂര്‍ ഗോപാലകൃഷ്‍ണന്‍റെയും ടി വി ചന്ദ്രന്‍റെയുമൊക്കെ മൂന്ന് ചിത്രങ്ങളില്‍ വീതമാണ് അഭിനയിച്ചത്. 'അനന്തര'ത്തില്‍ ക്യാരക്റ്റര്‍ റോളിലെത്തിയ മമ്മൂട്ടിയെ 'മതിലുകളി'ലെ 'വൈക്കം മുഹമ്മദ് ബഷീര്‍' ആയി കാസ്റ്റ് ചെയ്യാനുണ്ടായ ഒരു കാരണം സാക്ഷാല്‍ ബഷീര്‍ തന്നെയായിരുന്നെന്ന് അടൂര്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം കഥാപാത്രത്തെ തിരശ്ശീലയില്‍ ആര് അവതരിപ്പിച്ചു കാണാനാണ് ആഗ്രഹമെന്ന അടൂരിന്‍റെ ചോദ്യത്തിന് 'മമ്മൂട്ടി ആയാല്‍ തരക്കേടില്ല' എന്നായിരുന്നത്രേ ബഷീറിന്‍റെ മറുപടി. തന്‍റെ മനസ്സിലും മമ്മൂട്ടി തന്നെയായിരുന്നുവെന്നും ബഷീര്‍ പറഞ്ഞതോടെ അത് ഉറപ്പിച്ചുവെന്നും അടൂര്‍ പിന്നീട് പറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഫാന്‍ ഗ്രൂപ്പുകള്‍ പോലും ആഘോഷിക്കുന്ന 'ഭാസ്‍കര പട്ടേലരെ' അവതരിപ്പിച്ചതും അടൂര്‍ തന്നെ. 1993ല്‍ പുറത്തെത്തിയ 'വിധേയനി'ലൂടെ.

'ചന്തു'വും 'പഴശ്ശിരാജ'യും പോലെയുള്ള ചരിത്ര കഥാപാത്രങ്ങളുടെ രചനാ സമയത്ത്, സംഭാഷണങ്ങള്‍ എഴുതവെ താന്‍ അവ മനസ്സില്‍ കേള്‍ക്കാറുള്ളത് മമ്മൂട്ടിയുടെ ഖനഗാംഭീര്യ ശബ്ദത്തിലാണെന്ന് എംടി പറഞ്ഞിട്ടുണ്ട്. കാലാതിവര്‍ത്തിയായ നിരവധി ചിത്രങ്ങള്‍ എംടി- മമ്മൂട്ടി കൂട്ടുകെട്ടില്‍ വീണ്ടും പുറത്തെത്തിയിട്ടുണ്ട്. ഹരികുമാറിന്‍റെ 'സുകൃത'വും പവിത്രന്‍റെ 'ഉത്തര'വുമൊക്കെ അക്കൂട്ടത്തില്‍ പെടും.
