മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ശ്രീനിവാസന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത്, 1991ല്‍ പുറത്തെത്തിയ സന്ദേശം. ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളും സിനിമാപ്രേമികള്‍ക്ക് ഹൃദിസ്ഥമാണ്. ചിത്രത്തില്‍ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ളയുടെ പാര്‍ട്ടി ക്ലാസ്സുകളിലെ പല പരാമര്‍ശങ്ങളും ഇത്തരത്തില്‍ കള്‍ട്ട് പദവി നേടിയിട്ടുണ്ട്. അതില്‍ ചിലതായിരുന്നു 'ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും റാഡിക്കലായ ഒരു മാറ്റമല്ലെന്നു'മൊക്കെയുള്ള സംഭാഷണങ്ങള്‍. ഇപ്പോഴിതാ ആ സംഭാഷണങ്ങളില്‍ നിന്ന് ഒരു സിനിമയുടെ ടൈറ്റില്‍ രൂപപ്പെട്ടിരിക്കുകയാണ്. 'ഒരു താത്വിക അവലോകനം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടാഗ് ലൈന്‍ 'റാഡിക്കലായ ഒരു മാറ്റമല്ല' എന്നാണ്.

ഫേസ്ബുക്കിലൂടെ മമ്മൂട്ടി പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററിലും ശങ്കരാടിയാണ് ഉള്ളത്. നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും നിരഞ്ജ് രാജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. നിര്‍മ്മാണ നിര്‍വ്വഹണം എസാന്‍. മാക്സ് ലാബ് തീയേറ്ററുകളില്‍ എത്തിക്കും.