ജൂണ്‍ 20 നാണ് സീസണ്‍ 2 ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തെത്തിയത്

മലയാള സിനിമയിലെ ഏറ്റവും അപ്ഡേറ്റഡ് ആയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. അത് സ്റ്റൈലിന്‍റെ കാര്യത്തില്‍ മാത്രമല്ല, ടെക്നോളജിയുടെയും വാഹനങ്ങളുടെയും സിനിമയിലും പുറത്തും നടക്കുന്ന കാര്യങ്ങളിലുമൊക്കെ മമ്മൂട്ടി എല്ലായ്പ്പോഴും അപ്ഡേറ്റഡ് ആയിരിക്കും. അഭിനയ പ്രതിഭയെ എപ്പോഴും തേച്ചുമിനുക്കി സൂക്ഷിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത് ഈ അപ്ഡേഷന്‍ കൂടിയാണ്. താന്‍ ഭാഗമല്ലാത്ത സിനിമകളും അവ ശ്രദ്ധേയമാണെങ്കില്‍ മമ്മൂട്ടി കാണാറുണ്ട്. കണ്ട് ഇഷ്ടമായാല്‍ അണിയറക്കാരെ അത് നേരിട്ട് അറിയിക്കുകയും ചെയ്യും. മമ്മൂട്ടിയില്‍ നിന്ന് ലഭിക്കുന്ന ഒരു അഭിനന്ദനം വലിയ ആത്മവിശ്വാസമായിരിക്കും അവര്‍ക്ക് പകരുക. യുവാക്കളാണെങ്കില്‍ പ്രത്യേകിച്ചും. ഇപ്പോഴിതാ മമ്മൂട്ടിയില്‍ നിന്ന് മെസേജിനെക്കുറിച്ച് പറയുകയാണ് മലയാളം വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ സംവിധായകന്‍ അഹമ്മദ് കബീര്‍.

ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒരു അഭിമുഖത്തില്‍ അഹമ്മദ് കബീര്‍ ഇക്കാര്യം ഓര്‍മ്മിച്ചത്. ഞങ്ങളുടെ ഏറ്റവും വലിയ ഹാപ്പിനെസ് സിരീസ് കണ്ടിട്ട് മമ്മൂക്ക ഞങ്ങള്‍ക്ക് അയച്ച മെസേജ് ആണ്. എനിക്കും അര്‍ജുനും ഹരിശ്രീ അശോകനും സിറാജിനുമൊക്കെ മെസേജ് വന്നു. നന്നായിട്ടുണ്ട്, ഗുഡ് വര്‍ക്ക് എന്ന് പറഞ്ഞിട്ട്. അതൊരു ഓസ്‍കര്‍ അടിച്ച ഫീല്‍ ആയിരുന്നു ഞങ്ങള്‍ക്ക്, അഹമ്മദ് കബീര്‍ പറഞ്ഞു. ഫാന്‍ബെല്ല എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആയ ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തെത്തിയത്. ആവേശകരമായ പ്രതികരണങ്ങളാണ് സിരീസിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്. ഇന്ദ്രന്‍സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്