ആ നേട്ടവും സ്വന്തമാക്കി 'കണ്ണൂർ സ്ക്വാഡ്'; മോഹൻലാൽ ദുൽഖർ സിനിമകളെ പിന്തള്ളി മമ്മൂട്ടി
ടര്‍ബോ, കാതല്‍, ഭ്രമയുഗം, ബസൂക്ക എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സമീപകാലത്ത് സൈലന്റായി എത്തി വൻ പ്രേക്ഷക പ്രീയം നേടിയ ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കീഴടക്കി ഒടിടിയിലും എത്തിക്കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ്. ഈ അവസരത്തിൽ പുത്തൻ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്.
ഹോട്സ്റ്റാറിലെ ടോപ് ടെൻ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം ആണ് കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയ ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വാലാട്ടി, വെബ്സീരീസ് മാസ്റ്റർ പീസ്, കിംഗ് ഓഫ് കൊത്ത, ഹൃദയം, ലേബൽ, സ്കാഡ, റോഷാക്ക്, മോൺസ്റ്റർ,നെയ്മർ എന്നിവയാണ് യഥാക്രമം രണ്ട് മുതൽ പത്തുവരെ സ്ഥാനങ്ങളിൽ.
2023 സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി, വിജയ രാഘവൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. നവംബർ 17ന് മുതൽ ഓൺലൈനിൽ എത്തിയ ചിത്രത്തിന് പ്രശംസയുമായി ഇതര ഭാഷാ സിനിമാ പ്രേമികളും രംഗത്തെത്തുന്നുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
അതേസമയം, ടര്‍ബോ, കാതല്‍, ഭ്രമയുഗം, ബസൂക്ക എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ കാതല്‍ നവംബര്‍ 23ന് തിയറ്ററില്‍ എത്തും. ഹൊറര്‍ ത്രില്ലറില്‍ ഒരുങ്ങുന്ന ഭ്രമയുഗം ജനുവരിയില്‍ ആണ് റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..