Asianet News MalayalamAsianet News Malayalam

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. 

Mammootty reacts to banning actor Sreenath Bhasi from the film
Author
First Published Oct 4, 2022, 12:51 PM IST

ടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.  വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം. 

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന പരിപാടിയിലും വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. 

സെപ്റ്റംബര്‍ 27നാണ് അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയത്. നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. 

യൂട്യൂബ് അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഇതിനിടെ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു  മരട് പൊലീസ് കേസ് എടുത്തത്.

Follow Us:
Download App:
  • android
  • ios