Asianet News MalayalamAsianet News Malayalam

യൂട്യൂബ് അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതി അറിയിച്ചിട്ടുണ്ട്. 

high court stay order to Verbal abuse case against Sreenath bhasi
Author
First Published Sep 30, 2022, 2:52 PM IST

കൊച്ചി : അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. 

അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ശ്രീനാഥിന്റെ ഹർജിയിലും വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു  മരട് പൊലീസ് കേസ് എടുത്തത്.

മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ട, അത്തരക്കാർക്കെതിരെ എന്തുനടപടിയും സ്വീകരിക്കാം: നിര്‍മാതാക്കൾ

അതേ സമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പൊലീസ് സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. അസഭ്യം പറഞ്ഞ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ തുടർ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാം. സംഭവത്തിൽ സിനിമ സംഘടനകളുടെ വിലക്കും തുടരും. ഇക്കാര്യത്തിൽ ഉടൻ പുനരാലോചനയില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 

നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്നാണ് അന്ന് നിർമാതാക്കൾ അറിയിച്ചത്. എന്നാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്രീനാഥ് ഭാസിക്ക് പൂർത്തിയാക്കാവുന്നതാണ്. നേരത്തെ നിർമാതാവുമായുള്ള തർക്കത്തിന്‍റെ പേരിൽ യുവതാരം ഷെയിൻ നിഗത്തെയും നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു.

നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ? പ്രതികരണവുമായി ഡബ്ല്യൂസിസി

Follow Us:
Download App:
  • android
  • ios