മൂന്ന് റീല്‍ മാത്രമാണ് അദ്ദേഹം സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ദൃശ്യഭാഷയിലും ആക്ഷന്‍ രംഗങ്ങളിലുമൊക്കെ മികവ് പുലര്‍ത്തിയ ട്രെയ്‍ലറില്‍ പക്ഷേ മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തിയ ഒന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ സംഭാഷണങ്ങളായിരുന്നു അത്. ചില ഡയലോഗുകള്‍ മമ്മൂട്ടി സ്വയം ഡബ്ബ് ചെയ്തതാണെങ്കില്‍ മറ്റു ചിലത് മറ്റാരുടെയോ ശബ്ദത്തില്‍ ഉള്ളവയുമായിരുന്നു. മലയാളി സിനിമാപ്രേമികള്‍ ഈ വ്യത്യാസം വേഗത്തില്‍ ശ്രദ്ധിക്കുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ മമ്മൂട്ടി സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നില്ല.

മൂന്ന് റീല്‍ മാത്രമാണ് അദ്ദേഹം സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. ട്രെയ്ലര്‍ ലോഞ്ചിന്‍റെ തീയതി നേരത്തെ നിശ്ചയിച്ചിരുന്നതായിരുന്നതിനാല്‍ മമ്മൂട്ടിയുടെ അഭാവത്തില്‍ മറ്റൊരാളെ വച്ച് ട്രെയ്ലറിന് മാത്രമായി അണിയറക്കാര്‍ ഡബ്ബ് ചെയ്യിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി ഏജന്‍റിന്‍റെ ഡബ്ബിംഗ് ഇന്ന് പുനരാരംഭിച്ചതായി ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനെ അറിയിച്ചു. സ്ക്രീനില്‍ ചിത്രമെത്തുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തില്‍ തന്നെയാവും കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രം സംസാരിക്കുക.

റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ബിഗ് ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി