"ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം"

ലോകമെമ്പാടുമുള്ള, തന്നെ സ്നേഹിക്കുന്നവരുടെ പിറന്നാളാശംസകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറഞ്ഞ് മമ്മൂട്ടി. പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ പൊതുവെ താന്‍ വിമുഖനാണെന്നും എന്നാല്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ പോലും ആശംസകള്‍ അറിയിക്കുമ്പോള്‍ ഏറ്റവും അനുഗ്രഹീതനാണെന്ന് തോന്നുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മമ്മൂട്ടിയുടെ കുറിപ്പ്

ഇന്ന്, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. ഒപ്പം വിനയാന്വിതനുമാക്കുന്നു. എന്നെ വ്യക്തിപരമായി അറിയുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും എന്നോടുള്ള അവരുടെ സ്നേഹം ഒരേയളവില്‍ അറിയിച്ചു.

മുഖ്യമന്ത്രി മുതല്‍ അനേകം നേതാക്കള്‍. അമിതാഭ് ബച്ചനും മോഹന്‍ലാലും കമല്‍ ഹാസനും തുടങ്ങി പല ഭാഷാ സിനിമകളിലെ നിരവധി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെയുള്ള സോഷ്യല്‍ മീഡിയ പേജുകളും. എല്ലാറ്റിലുമുപരി തങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്‍പര്‍ശിച്ചത്.

എന്‍റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് പൊതുവെ വിമുഖനാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. എന്‍റെ ആത്മാര്‍ഥമായ കൃതജ്ഞതയും ലഭിച്ചതിന്‍റെ പതിന്മടങ്ങ് സ്‍നേഹവും ഞാന്‍ വിനയപൂര്‍വ്വം പങ്കുവെക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം നിങ്ങള്‍ ഏവരെയും രസിപ്പിക്കുന്നത് തുടരണമെന്നാണ് എനിക്ക്.

സ്നേഹവും പ്രാര്‍ഥനകളും,

മമ്മൂട്ടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona