35 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം അമരത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയെന്നാണ് വിവരം. 

മോളിവുഡിൽ റീ റിലീസ് ട്രെന്റ് തുടരുകയാണ്. മോഹൻലാൽ നായകനായെത്തിയ രാവണപ്രഭു തിയേറ്ററിൽ വൻ ഓളം സൃഷ്ടിച്ചതിന് പിന്നാലെ മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ അമരവും ഇപ്പോൾ തിയേറ്ററുകളിൽ വീണ്ടും എത്തിയിരിക്കുകയാണ്. 35 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ, ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിട്ടില്ലെന്നാണ് വിവിധ പ്രതികരണങ്ങളും ബോക്സ് ഓഫീസ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

റീ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം തന്നെ നിരാശയാണ് ലഭിച്ചതെന്നാണ് വിവരം. പലയിടത്തും പ്രേക്ഷകരില്ലാതെ വന്നതോടെ ഷോകൾ റദ്ദാക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്. ഇത് വലിയ വിമര്‍ശനങ്ങൾക്കും ട്രോളുകൾക്കുമെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ ചിത്രത്തിന് 7,328 രൂപ മാത്രമാണ് നേടാനായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

അമരം റീ റിലീസിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ വന്നതോടെ ട്രോൾ പേജുകളിൽ ചിത്രത്തെ ട്രോളിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ അമരം 7,328 രൂപ നേടി മമ്മൂട്ടിയുടെ തന്നെ ചിത്രമായ ആവനാഴിയുടെ റീ റിലീസ് കളക്ഷനായ 1,645 രൂപയെ മറികടന്നെന്നായിരുന്നു ഒരു ട്രോൾ. കേരള ബോക്സ് ഓഫീസിന് ചിത്രം തീപിടിപ്പിച്ചെന്നും തിയേറ്റര്‍ സ്റ്റാഫുകൾ സമ്മര്‍ദ്ദത്തിലായെന്നുമായിരുന്നു മറ്റൊരു ട്രോൾ. നാണയങ്ങൾ എണ്ണാനായി കൂടുതൽ ആളുകളെ പല കേന്ദ്രങ്ങളിലും ചുമതലപ്പെടുത്തിയെന്നും പരിഹാസമുണ്ട്. അമരവും പാലേരി മാണിക്യവും തമ്മിലാണ് മത്സരമെന്നും അമരം വിജയിച്ചെന്നുമാണ് ട്രോളുകൾ. ബുക്ക് മൈ ഷോയിൽ ഇതുവരെ 1,000 ടിക്കറ്റുകൾ പോലും വിറ്റുപോയിട്ടില്ലെന്നും പോസ്റ്റുകളുണ്ട്.

Scroll to load tweet…

വേണ്ടത്ര ആളില്ലാതിരുന്നതിനാൽ അമരം 4K ഷോ നടക്കാതെ തിരിച്ചു വരേണ്ടി വന്നതിനെ കുറിച്ച് എഴുത്തുകാരനായ ഷാജി ടി.യു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസിലാണ് അമരം കാണാൻ പോയതെന്നും എന്നാൽ പത്ത് പേരില്ലാത്തതിനാൽ ഷോ നടന്നില്ലെന്നുമായിരുന്നു ഷാജിയുടെ പോസ്റ്റിൽ പറയുന്നത്. ലോഹിതദാസിന്റെ സ്വന്തം നാട്ടിലെ തീയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ട അവസ്ഥ വന്നതെന്നും ഷാജി പറഞ്ഞു.

അതേസമയം,ദേവദൂതൻ, സ്ഫടികം, ഛോട്ടാമുംബൈ, രാവണപ്രഭു പോലെയുള്ള മോഹൻലാൽ ചിത്രങ്ങളുടെ റീ റിലീസുകൾ തിയേറ്ററുകളിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. എന്നാൽ, മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്ത നാല് ചിത്രങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ആവനാഴിയും പാലേരി മാണിക്യവും വടക്കൻ വീരഗാഥയും അമരവുമെല്ലാം മികച്ച സിനിമകളാണെങ്കിലും രാജമാണിക്യവും ബിഗ് ബിയും പോലെയുള്ള എന്റര്‍ടെയ്നര്‍ സിനിമകളുടെ റീ റിലീസാണ് മമ്മൂട്ടി ആരാധകര്‍ ആഗ്രഹിക്കുന്നത്.