ദേവ എന്ന ദേവരാജ് ആയി മമ്മൂട്ടിയും സൂര്യ എന്ന കഥാപാത്രമായി രജനീകാന്തും എത്തിയ ദളപതി 1991 റിലീസ് ആണ്

തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി. ഒരുമിച്ച് അഭിനയിച്ച ദളപതിയിലെ സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. പ്രിയ രജനീകാന്തിന് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. മുന്നിലുള്ളത് ഒരു മികച്ച വര്‍ഷം ആയിരിക്കട്ടെ. ആയുരാരോഗ്യ സൌഖ്യത്തോടെ വാഴുക, മമ്മൂട്ടി കുറിച്ചു.

ദേവ എന്ന ദേവരാജ് ആയി മമ്മൂട്ടിയും സൂര്യ എന്ന കഥാപാത്രമായി രജനീകാന്തും എത്തിയ ദളപതി 1991 റിലീസ് ആണ്. മണി രത്നം ആയിരുന്നു രചനയും സംവിധാനവും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ഇളയരാജ സംഗീത സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മണി രത്നത്തിന്‍റെ ഫിലിമോഗ്രഫിയിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ്. 

ALSO READ : ചുള്ളനായി ഷാരൂഖ്; 'പഠാന്‍' വീഡിയോ സോംഗ് എത്തി

അതേസമയം അണ്ണാത്തെയ്ക്കു ശേഷം രജനിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രം ജയിലര്‍ ആണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.