Asianet News MalayalamAsianet News Malayalam

'ആ മഹാപാപിയാണ് റോസാപൂവുമായി വീട്ടുമുറ്റത്ത് വന്ന് നിൽക്കുന്നത്'; വാണി വിശ്വനാഥിന് പിറന്നാളാശംസയുമായി ആരാധകന്‍

നായകന്‍ വാണി വിശ്വനാഥിന്‍റെ മുഖത്തടിക്കുമ്പോള്‍ താനും കയ്യടിച്ചിട്ടുണ്ടെന്നും അതിനോടുള്ള സ്വയം വിമര്‍ശനമാണ് ഈ കുറിപ്പെന്നുമാണ് രാജേഷ് പറയുന്നത്. 

man wishes Vani Viswanath birthday
Author
Kochi, First Published May 13, 2020, 2:02 PM IST


നടി വാണി വിശ്വനാഥിന് പിറന്നാളാശംസയുമായി ആരാധകന്‍. രാജേഷ് കൃഷ്ണയെന്ന ആളാണ് വാണി വിശ്വനാഥിന്‍റെ സിനിമകളില്‍ അവരുടെ കഥാപാത്രങ്ങള്‍ നേരിട്ട അപമാനത്തിന് കയ്യടിച്ചതില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്കില്‍ വ്യത്യസ്തമായി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. നായകന്‍ വാണി വിശ്വനാഥിന്‍റെ മുഖത്തടിക്കുമ്പോള്‍ താനും കയ്യടിച്ചിട്ടുണ്ടെന്നും അതിനോടുള്ള സ്വയം വിമര്‍ശനമാണ് ഈ കുറിപ്പെന്നുമാണ് രാജേഷ് പറയുന്നത്. 

ആശംസാക്കുറിപ്പ് വായിക്കാം

ചലച്ചിത്ര താരം 'വാണി വിശ്വനാഥിന്' ഈയുള്ളവന്റെ 'ജൻമദിന" ആശംസകൾ.

തൃശ്ശൂരിലെ താങ്കളുടെ മരത്താ ക്കരിയിലെ തറവാട്ട് വീട്ടിൽ ഏറിയാൽ 5 കിലോമീറ്റർ മാത്രമാണ് അകലെയാണ് ഞാൻ താമസിക്കുന്നതെങ്കിലും ആദ്യമായിട്ടാണ് ഞാൻ താങ്കൾക്ക് ജൻമദിന ആശംസ നേരുന്നത്. ഈ "ആശംസ" താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികൾക്കൂടി ചേർക്കുന്നു.

ഇന്ന് ഈ ജന്മദിനത്തിൽ വന്നു "വാണി വിശ്വനാഥന്' 'ഒരു റോസ പുഷ്പം' തരാനുള്ള എന്ത്‌ യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ 'മനസാക്ഷി' എന്നോട് ചോദിക്കുന്നുണ്ട്?

സ്വയം വിമർശനപരമായ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു...

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവർത്തകരും, ഞാനുൾപ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്. 'ദി കിംഗ് " സിനിമയിൽ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലീഷിൽ 'പച്ച തെറി' പറയുമ്പോൾ തൃശൂർ രാഗം തീയറ്ററിലിരുന്ന് "അട്ടഹസിച്ചു" വിസിൽ അടിക്കുകയായിരുന്നു ഞാൻ. സിനിമകളിൽ ആണുങ്ങൾ 'പച്ച തെറി' വിളിച്ചു പറയുമ്പോൾ നിശബ്ദമായി കേട്ട് നിൽക്കാനുള്ള "പ്രതിമകളാണോ" സ്ത്രീ കഥാപാത്രങ്ങൾ? ആരോട് പറയാൻ?? ആ "തെറിവിളി" കേൾക്കുമ്പോൾ എണീറ്റു നിന്ന് കയ്യടിക്കാൻ തീയറ്ററിൽ രാജേഷിനെപോലെ "ഊളകൾ" ഒത്തിരിയുണ്ടല്ലോ......!

മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്? പുരുഷനെ താങ്ങി നിൽക്കാത്ത, സ്വന്തമായി നിലപാടുകൾ ഉള്ള സ്ത്രീയാണ് വാണിയുടെ കഥാപാത്രങ്ങളെങ്കിൽ അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി. "തച്ചിലേടത്തു ചുണ്ടനിൽ. മമ്മുട്ടിയുടെ കഥാപാത്രം "ക്ലൈമാക്സിൽ " വാണിയുടെ ചെകിട് അടിച്ചു തകർക്കുമ്പോൾ "തൃശൂർ ജോസ്' ' തിയറ്ററിലിരുന്ന് കോരിത്തടിച്ചവനാണ് ഈയുള്ളവൻ.

ആ ഒരൊറ്റ അടിയിൽ അവൾ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂർണ്ണ പരിവർത്തനം സംഭവിച്ച് അവൾ, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം. അതുകണ്ടു തീയറ്റർ സീറ്റിലിരുന്ന് രാജേഷുമാർ ഉൾപ്പെടയുള്ള പുരുഷന്മാർ പുളകിതരാകും. ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി. ഒന്നൂതിയാൽ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത 'കപടമായ' മലയാളി പൗരുഷം അതിൽക്കൂടുതൽ ഒന്നുമില്ല..

"ഏയ്‌ ഹീറോ" എന്ന മലയാളത്തിലേക്ക് "ഡബ്ബ്" ചെയ്ത ചിത്രത്തിൽ "ചിരഞ്ജീവി" ഒരു ഗാന രംഗത്തിൽ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ "സൈക്കിൾ" കയറ്റി ഇറക്കുന്നുണ്ട്. പിന്നെ ബ്ലൗസിന്റെ ഉള്ളിൽ "ചില്ലറ" പൈസ ഇട്ട് അപമാനിക്കുന്നുണ്ട്. അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച "പാപിയാണ്" ഞാൻ. വാണിയെ "ഒരു മാംസപിണ്ഡമായി" മാത്രം സ്‌ക്രീനിൽ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവൻ... ആ "മഹാപാപി" യാണ് താങ്കളുടെ 'വീട്ടു മുറ്റത്തു 'റോസ പുഷ്പവുമായി' വന്ന് നിൽക്കുന്നത്. "അറപ്പും, വെറുപ്പും" അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്.

"സൂസന്ന" എന്ന ചിത്രത്തിൽ ഒരു പുരോഹിതൻ "വേശ്യയായ" വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ "മഹാപാപം" തുടരുമെന്ന്? 'ഈ "മഹാപാപം" എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം'-- എന്നായിരുന്നു സൂസന്നയുടെ മറുപടി."മഹാപാപത്തിനും" ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ???

എന്റെയുള്ളിലെ "സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. "അത് ഈ ജൻമത്തിൽ മാറാനൊന്നും പോകുന്നില്ല." മഹാപാപത്തിനും" ഒരു കൂട്ടൊക്കെ വേണ്ടേ???

പ്രിയ വാണി വിശ്വനാഥ്, 'പൂവ്' വലിച്ചെറിഞ്ഞാലും "ചൂട്‌ വെള്ളമെടുത്തു" എന്റെ മുഖത്തൊഴിക്കരുത്...!

Follow Us:
Download App:
  • android
  • ios