മൂന്ന് ആഴ്ചകളുടെ ഇടവേളയില്‍ രണ്ട് റീ റിലീസുകള്‍

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് റീ റിലീസുകള്‍ ഏറ്റവുമധികം സംഭവിച്ചത് തമിഴ് സിനിമയിലാണ്. ഈ വര്‍ഷത്തിന്‍റെ ആദ്യ മാസങ്ങളില്‍ താരചിത്രങ്ങളടക്കം ബോക്സ് ഓഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാതെ പോയപ്പോള്‍ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നതും ഈ റീ റിലീസ് ചിത്രങ്ങള്‍ ആയിരുന്നു. മലയാള സിനിമയിലേക്ക് നോക്കിയാല്‍ ഭദ്രന്‍റെ മോഹന്‍ലാല്‍ ചിത്രം സ്ഫടികമാണ് കൃത്യമായ മാര്‍ക്കറ്റിംഗോടെ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ട ചിത്രം. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. ഈ റീ റിലീസ് വിജയവുമായിരുന്നു. ഇപ്പോഴിതാ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്.

സിബി മലയിലിന്‍റെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍, ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് എന്നിവയാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുന്നത്. ഇതില്‍ ദേവദൂതന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ ലോഞ്ചും റിലീസ് ഡേറ്റ് പ്രഖ്യാപനവും നേരത്തെ നടന്നിരുന്നു. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്‍റെ റീ റിലീസ് തീയതി സംബന്ധിച്ച വിശ്വസനീയമായ റിപ്പോര്‍ട്ടുകളും എത്തിയിരിക്കുകയാണ്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ചിത്രം റീ റിലീസ് ചെയ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും എത്തിയിട്ടുണ്ട്.

Scroll to load tweet…

അതായത് വെറും 21 ദിവസത്തെ വ്യത്യാസത്തിലാണ് മോഹന്‍ലാലിന്‍റെ രണ്ട് ശ്രദ്ധേയ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. ഇതില്‍ മണിച്ചിത്രത്താഴ് വന്‍ വിജയം നേടിയ ചിത്രമാണെങ്കില്‍ ദേവദൂതന്‍ റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെടാതെപോയ ചിത്രമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ചിത്രം പ്രേക്ഷകരില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കേരളീം പരിപാടിയോട് അനുബന്ധിച്ച് നടന്ന ചലച്ചിത്രോത്സവത്തില്‍ മണിച്ചിത്രത്താഴ് കാണാന്‍ കാണികള്‍ ഇരച്ചെത്തിയിരുന്നു. പ്രേക്ഷകരുടെ ഒഴുക്കിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ അഡീഷണല്‍ പ്രദര്‍ശനങ്ങളും അധികൃതര്‍ നടത്തിയിരുന്നു. റീ റിലീസിലും ചിത്രങ്ങള്‍ക്ക് സമാന പ്രതികരണം ലഭിക്കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. 

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം