മുംബൈ: കൊവി‍ഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇരുപത്തി ഏഴ് ദിവസം പിന്നിടുകാണ്. ഓരോരുത്തർക്കും വിവിധങ്ങളായ അനുഭവങ്ങളാണ് ലോക്ക്ഡൗൺ കാലത്ത് പറയാനുള്ളത്. അത്തരത്തിൽ ലോക്ക്ഡൗൺ കാലം തന്നെ ഓർമിപ്പിക്കുന്നത് ക്യാൻസർ ചികിത്സയ്ക്കായി അടച്ചിട്ട നാളുകളാണെന്ന് പറയുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ന്യൂയോര്‍ക്കിലെ ചികിത്സാ കാലത്തെ കുറിച്ചാണ് മനീഷ പറയുന്നത്.

”ന്യൂയോര്‍ക്കിലെ ട്രീറ്റ്‌മെന്റിനിടെ ആറ് മാസത്തോളം അപ്പാർട്ട്മെന്റിൽ അച്ചിട്ട അവസ്ഥയായിരുന്നു. ഈ സമയത്തേക്കാള്‍ ആയിരം മടങ്ങ് മോശമായിരുന്നു അന്നെനിക്ക്. ഇപ്പോള്‍ രണ്ടു മാസത്തേക്ക് ലോക്ക്ഡൗൺ ആണെങ്കിലും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ബോറടിച്ച് പിരിമുറുക്കത്തിലായിരിക്കും എന്നറിയാം. എങ്കിലും മുന്‍കാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് കരുതുന്നു,” മനീഷ കൊയ്‌രാള പറയുന്നു.

ആരോഗ്യ വിദഗ്ധരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ താൻ പിന്തുടരുകയാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു. മാതാപിതാക്കളായ പ്രകാശ്, സുഷമ എന്നിവരോടൊപ്പം മുംബൈയിലാണ് മനീഷ ഇപ്പോൾ താമസിക്കുന്നത്.  2012ലായിരുന്നു മനീഷ കൊയ്‌രാളക്ക് ക്യാന്‍സര്‍ ബാധിച്ചത്.