കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും ലോകവുമെല്ലാം. കൊവിഡിന്റെ വ്യാപനം തടയാൻ രാജ്യത്ത് ലോക്ക്‍ഡൌണ്‍ പ്രഖ്യാപിചിട്ടുമുണ്ട്. എന്നാല്‍ ചിലര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാൻ തയ്യാറാകാതെ അനാവശ്യമായി പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജനങ്ങളോട് വീട്ടില്‍ ഇരിക്കാൻ ആവശ്യപ്പെട്ട് താരങ്ങളും രംഗത്ത് എത്തിയിരുന്നു. വീട്ടില്‍ ഇരിക്കാൻ അഭ്യര്‍ത്ഥിച്ചപ്പോള്‍ പരിഹാസരൂപേണ മറുപടി നല്‍കിയതിനോട് പ്രതികരിച്ചിരിക്കുകയാണ് മഞ്‍ജിമ മോഹൻ.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് മഞ്‍ജിമ സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞത്. വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ എന്നാണ് ഒരാള്‍ പരിഹസിച്ച് പറഞ്ഞത്. അതിനാണ് മഞ്‍ജിമ മോഹൻ മറുപടിയുമായി രംഗത്ത് എത്തിയത്. സാധാരണ ഇത്തരം അഭിപ്രായങ്ങള്‍ക്ക് താൻ മറുപടി പറയാറില്ല എന്ന് വ്യക്തമാക്കിയായിരുന്നു മഞ്‍ജിമയുടെ പ്രതികരണം. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ഏതെങ്കിലും ആള്‍ക്കാര്‍‌ക്ക് എളുപ്പമാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദര. ഞങ്ങള്‍ക്കും പണം ആകാശത്ത് നിന്ന് പൊട്ടി വീഴില്ലെന്നും മഞ്‍ജിമ മോഹൻ പറഞ്ഞു.