ജീവിതത്തിൽ രക്തബന്ധത്തോളം വളർന്നവളാണ് സിമിയെന്ന് പറയുന്നു മഞ്‍ജു പത്രോസ്.

ഉറ്റസുഹൃത്ത് സിമിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. തന്റെ ജീവിതത്തിൽ രക്തബന്ധത്തോളം വളർന്നവളാണ് സിമിയെന്നും തന്നെത്തന്നെയാണ് താൻ സിമിയിൽ കാണുന്നതെന്നും മഞ്ജു പത്രോസ് പറയുന്നു.

''പ്രിയപ്പെട്ടവളേ... ഒരുമിച്ചുള്ള നമ്മുടെ യാത്ര തുടങ്ങി ഇതിപ്പോൾ പതിനഞ്ചാമത്തെ പിറന്നാൾ ആണ് നമ്മൾ ആഘോഷിക്കുന്നത് .. കഴിഞ്ഞു പോയത് നിസ്സാരകാലയളവല്ല.. എന്റെ ജീവിതത്തിൽ രക്തബന്ധത്തോളം വളർന്നവളാണ് നീ.. മഴ പെയ്തപ്പോൾ കുടയായി നിന്നവളാണ്... തളർന്നപ്പോൾ തോളായി നിന്നവളാണ്... ഉള്ളിലെ വേദനയിൽ വാക്കുകൾ മുറിഞ്ഞുപോയപ്പോൾ എന്റെ മൗനത്തിന്റെ അർഥവും ആഴവും അറിഞ്ഞവളാണ്.. എനിക്കായ് ചിരിയുടെ പൂന്തോട്ടം തീർത്തവളാണ്.... കരഞ്ഞപ്പോൾ കൂടെ കരഞ്ഞവളാണ്.. സൗഹൃദത്തിന്റെ അർഥം പഠിപ്പിച്ചു തന്നവളാണ്... എനിക്ക് ഞാൻ തന്നെ ആണ് നീ... ആ നിനക്ക് എന്ത് തന്നാലാണ് എനിക്ക് മതിയാകുക.. ഒന്ന് മാത്രം പറയാം ഒറ്റക്കല്ല നീ.. നിഴലുപോലെ കൂടെയുണ്ട് ഞാൻ.. ഇനിയുമിനിയും കൂടെയുണ്ട്.. അറ്റത്തോളം...'', എന്നാണ് സിമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു പത്രോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. 'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി. ഈ റിയാലിറ്റി ഷോയുടെ ഓഡിഷനിൽ വെച്ചു കണ്ടുമുട്ടിയ ഇവർ അപ്പോൾ മുതൽ അടുത്ത സുഹൃത്തുക്കളാണ്. ആദ്യം കണ്ടപ്പോൾ മുതൽ തങ്ങൾ തമ്മിൽ ഒരു 'സ്പാർക്ക്' തോന്നിയെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നു അതെന്നുമാണ് ഇതേക്കുറിച്ച് മഞ്ജുവും സിമിയും പറഞ്ഞിട്ടുള്ളത്. ഇടക്കാലത്ത് ഇരുവരുമൊന്നിച്ച് യൂട്യൂബ് വീഡിയോകളും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക