ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയാണ് മഞ്ജു

ആദ്യം കണ്ടപ്പോൾ മുതൽ തങ്ങൾ തമ്മിൽ ഒരു 'സ്പാർക്ക്' തോന്നിയെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നു അതെന്നും മഞ്ജു പത്രോസും സിമി സാബുവും. 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയുടെ ഓഡിഷനിൽ വെച്ചു കണ്ടുമുട്ടിയ ഇവർ 13 വർഷങ്ങളായി സുഹൃത്തുക്കളാണ്.

റിയാലിറ്റി ഷോയിലൂടെയാണ് പരിചയപ്പെട്ടതെങ്കിലും തങ്ങൾ തമ്മിൽ മൽസരമൊന്നും ഇല്ലെന്നും ഇരുവരും പറഞ്ഞു. മഞ്ജു പറഞ്ഞാല്‍ സിമിക്കും സിമി പറഞ്ഞാല്‍ മഞ്ജുവിനും എല്ലാം മനസിലാവും. തങ്ങളുടേതായിട്ടുള്ളൊരു സന്തോഷം കണ്ടെത്തുന്നവരാണ് രണ്ടാളുകളുമെന്നും ഇരുവരും പറഞ്ഞു. മഞ്ജുവിന്റെയും സിമിയുടെയും യൂട്യൂബ് ചാനലായ 'ബ്ലാക്കീസി'ലൂടെയാണ് പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.

ബിഗ് ബോസിലായിരുന്ന സമയത്ത് മഞ്ജുവിനേക്കാളും കൂടുതല്‍ അനുഭവിച്ചത് തങ്ങളാണെന്നും പുറത്തു നടക്കുന്ന സംഭവങ്ങളും വിമര്‍ശനങ്ങളും തെറി വിളികളുമൊന്നും മഞ്ജു അറിഞ്ഞിരുന്നില്ലെന്നും സിമി പറഞ്ഞു. ജീവിതത്തില്‍ ഭയങ്കരമായി ബോള്‍ഡായത് പോലെയാണ് ഷോയ്ക്ക് ശേഷം തോന്നിയതെന്നും അതിനു ശേഷം വല്ലാത്തൊരു ധൈര്യമാണെന്നും മഞ്ജു പ്രതികരിച്ചു. പറയേണ്ട കാര്യങ്ങൾ അപ്പോൾ തന്നെ തുറന്നുപറയുന്ന സ്വഭാവമാണ് മഞ്ജുവിന്റേതെന്ന് സിമി പറഞ്ഞപ്പോൾ ഈ സ്വഭാവം മൂലം തന്നെ പലർക്കും ഇഷ്ടമില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. 'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി. സിമിക്ക് സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് സ്റ്റോറുമുണ്ട്.

അഭിനയവും ബിസിനസുമൊക്കെയായി തിരക്കായതിനാൽ വ്‌ളോഗിങ് നിർത്തുകയാണെന്ന് കുറച്ചു നാളുകൾക്കു മുൻപ് മഞ്ജുവും സിമിയും പറഞ്ഞിരുന്നു. എന്നാൽ വീണ്ടും പുതിയ വീഡിയോകൾ ഇറക്കാൻ ആലോചിക്കുകയാണെന്നും പുതിയൊരു ഫോർമാറ്റ് ആയിരിക്കും സ്വീകരിക്കുകയെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. ഇതുവരെ വ്‌ളോഗിങ്ങിലൂടെ തങ്ങൾക്ക് കാര്യമായ വരുമാനമൊന്നും കിട്ടിയിട്ടില്ലെന്നും ഇവർ പറഞ്ഞു.

ALSO READ : എൻഎഫ്ആർ ഫിലിം ഫെസ്റ്റ്; ഗ്ലോബൽ അക്കാദമി അവാർഡുകള്‍ സമ്മാനിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം