2024 ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 240 കോടി രൂപയോളമാണ് ചിത്രം നേടിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടിയ ചിത്രം തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത്. 2024 ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കൗതുകമുണ്ടായിരുന്ന ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വിനോദയാത്രയ്ക്കിടെ കൊടൈക്കനാലിലെ ഗുണ കേവില്‍ വീഴുന്ന ഒരു മലയാളി യുവാവിന്‍റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ്. എന്നാല്‍ ഗുണ കേവിലെ ചിത്രീകരണം അസാധ്യമായതിനാല്‍ പെരുമ്പാവൂരില്‍ സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. യഥാര്‍ഥ ഗുണ കേവ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പെര്‍ഫെക്ഷനോടുകൂടി സെറ്റ് തയ്യാറാക്കിയത് അജയന്‍ ചാലിശ്ശേരി ആയിരുന്നു. അജയനും ടീമും അണിയറയില്‍ നടത്തിയ അധ്വാനം എത്രത്തോളമായിരുന്നെന്ന് ഈ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പറയും. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന പ്രേക്ഷകാഭിപ്രായം കൂടി ഉയര്‍ന്നതോടെ ചിത്രം തിയറ്ററുകളില്‍ ആളെ നിറച്ചു, ആഴ്ചകളോളം.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളും; 'നമ്മളറിയാതെ' മാർച്ചിൽ

Manjummel Boys (Behind The Production Design) | Chidambaram | Ajayan Chalissery | Parava Films