വെള്ളിയാഴ്ച കളക്ഷനിലും വന്‍ നേട്ടം
തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അപൂര്‍വ്വ ജനപ്രീതി നേടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊടൈക്കനാല്‍ പ്രധാന കഥാപശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ ചില റെഫറന്‍സുകള്‍ കഥ പറച്ചിലിന്‍റെ ചില മര്‍മ്മപ്രധാന ഭാഗങ്ങളില്‍ കടന്നുവരുന്ന, കമല്‍ ഹാസനുള്ള ഒരു ട്രിബ്യൂട്ട് ആയിപ്പോലും വിലയിരുത്തലുകള്‍ വരുന്ന ചിത്രം തമിഴ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ജനപ്രീതിയെത്തുടര്‍ന്ന് നാള്‍ക്കുനാള്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചിത്രം ചില ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനകം തന്നെ തമിഴ്നാട്ടില്‍ ഏറ്റവും കളക്റ്റ് ചെയ്യുന്ന മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കളക്ഷനില്‍ മാത്രം ചിത്രം അവിടെനിന്ന് ഒരു കോടിക്ക് മുകളില്‍ നേടിയിരുന്നു. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഒറ്റ ദിവസം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇതെന്ന് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. മൗത്ത് പബ്ലിസിറ്റി അത്രത്തോളം ലഭിച്ചിരിക്കുന്ന ചിത്രം കൗതുകകരമായ മറ്റൊരു റെക്കോര്‍ഡ് കൂടി ഇതിനകം നേടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഈ വര്‍ഷം റിലീസിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച ഒരു സിനിമ നേടുന്ന ഏറ്റവും മികച്ച അഡ്വാന്‍സ് ബുക്കിംഗ് എന്ന റെക്കോര്‍ഡ് ആണ് ഇത്.
തമിഴ്നാട്ടില്‍ ഇന്നത്തെ ടിക്കറ്റുകള്‍ക്കായുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ 1.54 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. ഈ വര്‍ഷത്തെ പ്രധാന തമിഴ് റിലീസുകളായ ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറെയും ശിവകാര്‍ത്തികേയന്‍റെ അയലാനെയും മറികടന്നാണ് ഇത്. റിലീസിന്‍റെ രണ്ടാം ശനിയാഴ്ച അഡ്വാന്‍സ് ബുക്കിംഗിലൂടെ മഞ്ഞുമ്മല്‍ ബോയ്സ് 1.54 കോടി നേടിയപ്പോള്‍ ഇതേദിവസം അയലാന്‍ നേടിയത് 1.15 കോടിയും ക്യാപ്റ്റന്‍ മില്ലര്‍ നേടിയത് 55 ലക്ഷവുമായിരുന്നു. ഈ വാരം എത്തിയ തമിഴ്, ഹോളിവുഡ് ചിത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സിയും കളക്ഷനും. വാരാന്ത്യ കളക്ഷനില്‍ ചിത്രം റെക്കോര്‍ഡ് പുസ്തകം വീണ്ടും തിരുത്തിയെഴുതുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ : യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി 'ദി സ്പോയില്‍സ്'; ട്രെയ്‍ലര്‍
