Asianet News MalayalamAsianet News Malayalam

'ആ രാത്രിയുടെ കൊടും തണുപ്പിലെ ചിത്രീകരണം'; ഇഷ്ക് തീയറ്ററിലെത്തും മുമ്പെ ഹിറ്റായി മകന്‍റെ സിനിമയെക്കുറിച്ചുള്ള അച്ഛന്‍റെ കുറിപ്പ്

മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം തിയറ്ററിൽ എന്തുമ്പോൾ അച്ഛൻ മനോഹരൻ കൈതപ്രം എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

manohar kaithapram facebook post about son anurag manohar new film
Author
Kochi, First Published May 17, 2019, 9:15 AM IST

മലയാളി പ്രേക്ഷകർക്ക് മുമ്പിലേക്ക് പ്രണയത്തില്‍ ചാലിച്ച പുതുമയുള്ള ആശയവുമായി എത്തുന്ന ചിത്രമാണ് 'ഇഷ്‌ക്'. 
അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം തിയറ്ററിൽ എന്തുമ്പോൾ അച്ഛൻ മനോഹരൻ കൈതപ്രം എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പയ്യന്നൂർ ശോഭ തീയറ്ററിൽ നിന്നാണ് ആദ്യ സിനിമ കാണുന്നത്. കാട്ടുതുളസി. കർഷക തൊഴിലാളിയെന്നോ ഇല്ലങ്ങളിലെ വീട്ടുവേലക്കാരിയെന്നോ നിശ്ചയമില്ലാത്ത തരത്തിൽ ജോലി ചെയ്തിരുന്ന അമ്മയുടെ തണലിലാണ് നിറപ്പകിട്ടില്ലാത്ത എന്റെ കൂട്ടിക്കാലം കടന്നു പോയത്. സിനിമ കാണണമെന്ന ആഗ്രഹത്തിന് മുന്നിൽ വാൽസല്യത്തിന്റെ തറടിക്കറ്റെടുത്ത് തന്ന അമ്മക്കൊപ്പം ശോഭയിൽ കാട്ടുതുളസി കണ്ട് സത്യന്റെയും ഉഷാകുമാരിയുടെയും കഥാപാത്രങ്ങൾക്കൊപ്പം കരഞ്ഞും ചിരിച്ചും കണ്ണീർ തുടച്ചും പുതിയൊരു ലോകത്തിന് മുന്നിൽ പരിഭ്രാന്തമായി ശൂഭം കണ്ട് തിരികെ വീട്ടിലെത്തിയിട്ടും ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവനീ വഴി വന്നൂ എന്ന പാട്ടും അനുബന്ധ നിഴൽ ചിത്രങ്ങളും മനസിലങ്ങനെ കിടന്നു... മാതമംഗലം വിജയാ ടാക്കീസ് തുറക്കുന്നത് പിന്നീടാണ്. വിജയാ ടാക്കീസിലും സിനിമകൾ. പയ്യന്നൂർ സുമംഗലിയിലും ശോഭയിലുമായി പിൽക്കാലത്തെത്രയൊ സിനിമകൾ. ലങ്കാദഹനവും സിഐഡി നസീറും ഗന്ധർവ്വ ക്ഷേത്രവും മൂലധനവും അനുഭവങ്ങൾ പാളിച്ചകളും തുടങ്ങി സിനിമാസ്വാദനത്തിന്റെ രണ്ടര മണിക്കൂറുകൾ എത്രയോ വട്ടം.... സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ, പല്ലനയാറ്റിൻ തീരത്ത് പത്മ പരാഗ കുടീരത്തിൽ വിളക്കു വയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ തുടങ്ങിയ സിനിമാ പ്രദർശന മുന്നൊടിയായി ടാക്കീസുകളിലെ കോളാമ്പി മൈക്കുകളിൽ കേട്ടു വന്ന സ്ഥിരം പാട്ടുകൾ... സിനിമാസ്വാദനക്കാലം പിന്നീട് ഇരിട്ടിയിലെ ശ്രീകൃഷ്ണ, ന്യൂ ഇന്ത്യ, കൽപ്പനാ ടാക്കീസുകളിലേക്ക് കൂടി നീണ്ടതോടെ സിനിമയെന്നത് ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരുന്നു. തോപ്പിൽ ഭാസി പടങ്ങൾ. സത്യൻ, നസീർ ചിത്രങ്ങൾ. ഇടതു പക്ഷാശയ സിനിമകൾ. നവാഗതരുടെ സിനിമകൾ.. അങ്ങിനെ എണ്ണമറ്റ ചലച്ചിത്രങ്ങൾ..ആസ്വാദനത്തിനപ്പുറം ആധാരമെന്ന സിനിമ കണ്ടപ്പോൾ തോന്നിയ നിഗമനങ്ങൾ എഴുതി ചിന്ത വാരികക്കയച്ചു. ചിന്ത ആ ആസ്വാദനം അസലായി പ്രസിദ്ധീകരിച്ചു. മറ്റു ചില സിനിമകളുടെ ആസ്വാദനക്കുറിപ്പുകൾ കൂടി വെളിച്ചം കണ്ടു.. പിന്നീടൊരിക്കൽ ബിന്ദു പണിക്കർ ഇരിട്ടിയിൽ. അവർ സിനിമയിൽ ചുവട് വെക്കുന്ന കാലം. ഒരു അഭിമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പിൽ... ഇത്രയുമായാൽ എന്റെ സിനിമാ ലോകമായി. മകൻ വളരുന്നതിനൊപ്പം സിനിമയും അവന്റെ ചിന്തകളിൽ വളർന്നിരുന്നു. ആദ്യകാല അസോസിയേറ്റ് സംരംഭങ്ങൾക്കിടയിൽ ലൊക്കേഷനുകളിലേക്ക് ഞങ്ങൾ മാതാപിതാക്കളെയുമവൻ ക്ഷണിച്ചു.പോകാനായില്ല. ബൈസിക്കിൾ തീവ്സ് സിനിമ ഷൂട്ടിംഗ് ഘട്ടത്തിൽ കൊച്ചിയിലെത്തി. ഒപ്പം സുഹൃത്ത് പി വിജയനും. ആസിഫലിയെ അപർണ ഗോപിനാഥിനെ മറ്റ് സിനിമാപ്രവർത്തകരെയൊക്കെ കണ്ട് സിനിമക്ക് പിന്നിലെ മഹാപ്രയത്നങ്ങൾ കൂടി അൽപ്പാൽപ്പം മനസിലാക്കി തിരികെ വന്നു. പിന്നീട് മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ ചിത്രീകരണ ഘട്ടത്തിൽ തൃക്കാക്കരയിലെ മാളിൽ ഒരു നാൾ. മമ്മൂക്കയെയും ഇന്നസെന്റിനെയും ഞാനും ചങ്ങാതി പി വിജയനും കൂളിച്ചെമ്പ്രയിലെ എം അശോകനും കണ്ടു. പാട്ട് ചിത്രീകരിക്കുന്നതായിരുന്നു ബഹളമയമാർന്ന ലൊക്കേഷനിൽ... സിനിമ കുറെക്കൂടി അരികിലെത്തിയ പോലെ... ഒടുവിൽ മകൻ അനുരാജ് സംവിധായകനായപ്പോൾ കുടുംബസമേതമാണ് ലേക്ക് ഷോർ ഹോസ്പിറ്റൽ പരിസരലൊക്കേഷനിൽ എത്തിയത്. ഒരു രാത്രി. വെളുത്ത് മെലിഞ്ഞ് നീണ്ട ആ ചെറുപ്പക്കാരനെ മുന്നിൽ കൊണ്ടുവന്നു നിർത്തി മകൻ പറഞ്ഞു: ഷെയിൻ. കിസ്മത്തും പറവയും സൈരാ ബാനുവും പരിചയപ്പെടുത്തിത്തന്ന കഥാപാത്രങ്ങളിലൂടെ മനസിൽ പറഞ്ഞുറപ്പിച്ച മികച്ച നടൻ.എത്ര മാത്രം വിനയപൂർവമാണ് ഷെയിനും നായിക ആൻ ശീതളും ജാഫർ ഇടുക്കിയും ഷൈൻ ടോം ചാക്കോയുമൊക്കെ ഞങ്ങൾ, ഈ വടക്കു നിന്നെത്തിയ സിനിമാ പ്രേക്ഷകർ മാത്രമായ ഞങ്ങളോട് ഹൃദ്യമായി പെരുമാറിയത്. ആ രാത്രിയുടെ കൊടും തണുപ്പിലും ഇഷ്കിന്റെ ചിത്രീകരണത്തിലായിരുന്നു അവരെല്ലാം... അതെ. സിനിമ കുറെക്കൂടി നെഞ്ചിലേക്ക് ചേർന്നടുത്തെത്തുകയാണ്. മകനിലൂടെ... അവന്റെ ആദ്യ സിനിമയാണ് ഇഷ്ക്.. വെള്ളിയാഴ്ചയാണ് റിലീസ്. അവൾ. മകൾ ശ്യാമിലിയും അവനൊപ്പം ഈ സാഹസിക വഞ്ചി തുഴച്ചിലിന് അവനൊപ്പമുണ്ട് രാപ്പകൽ. അവൾ ചിലപ്പോൾ പിആർഒയെ പോലെ, ഫ്ളോർമാനേജരെപ്പോലെ, കോഓർഡിനേറ്ററായി ക്രമം തെറ്റിപ്പോവുന്ന സ്വന്തം ജീവിതക്രമങ്ങളുടെ സിനിമായാതനകളുമായി അനുരാജിനൊപ്പം അതേ മാനസിക സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച് ജോലിത്തിരക്കുകൾ മാറ്റി വച്ച് കൂടെയുണ്ട്. അവരുടെ മാത്രമല്ല, ഒരു പറ്റമാളുകളുടെ കൂട്ടായ കഠിനാധ്വാനമാണീ സംരംഭം. മറ്റേതൊരു സിനിമയെയും പോലെ തന്നെ...ഇഷ്ക് കാണണം. കണ്ട് പ്രോത്സാഹിപ്പിച്ചാലും: മകന്റെ സിനിമ അവന്റെ ഭാവനാ ലോകത്തേക്ക് പറന്നുയർന്ന് പടരട്ടെ:
.......... .......... ........
ഒരു പൂക്കാലം കൺകളിലാടുന്നു..
രാവേതോ വെൺ നദിയാവുന്നു...
കിനാവുകൾ തുഴഞ്ഞു നാം
ദൂരെ, ദൂരെയോ....
സിദ് ശ്രീറാം ജയ്ക്സ് ബിജോയിയിലൂടെ പാടുന്നത് മക്കളുടെ ജീവിതം തന്നെയാണ്. നന്മയുണ്ടാവട്ടെ...

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios