വിജയിയുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ റിലീസ് വൈകുകയാണ്. 'കശ്മീർ ഫയൽസ്', 'കേരള സ്റ്റോറി' തുടങ്ങിയ സിനിമകൾക്ക് എളുപ്പത്തിൽ അനുമതി നൽകിയപ്പോൾ, വിജയ് ചിത്രത്തോട് വിവേചനം കാണിക്കുന്നുവെന്ന് മൻസൂർ അലി ഖാൻ.

മിഴ് സിനിമാസ്വാദകരും വിജയ് ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജനനായകൻ. വിജയിയുടെ കരിയറിലെ അവസാന ചിത്രമെന്ന ലേബലോടെ എത്തിയ ചിത്രത്തിന് പക്ഷേ സെൻസർ കുരുക്കിൽ നിന്നും ഇതുവരെ പുറത്തുകടക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് വൈകുകയാണ്. ജനനായകനോടുള്ള സെൻസർ ബോർഡിന്റെ കടുംപിടിത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടൻ മൻസൂർ അലി ഖാൻ.

വസ്തുതാ വിരുദ്ധമായി ചിത്രീകരിച്ച കശ്മീർ ഫയൽസിനും കേരള സ്റ്റേറിക്കും സു​ഗമമായി സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അതേസമയം, വിജയ് ചിത്രത്തെ എന്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു. ജനനായകനോട് കാണിക്കുന്ന ഈ വിവേചനം അം​ഗീകരിക്കാനാവില്ലെന്നും നടൻ പറയുന്നു. തന്റെ പുതിയ പടത്തിന്റെ പ്രസ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മൻസൂർ.

"സിനിമ ഒരു വലിയ ബിസിനസ് ശൃംഖലയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. അതിൻ്റെ ലോഞ്ചിനായുള്ള നീണ്ട കാത്തിരിപ്പ് വളരെ നിരാശാജനകമാണ്. വിജയ്‌യെ പോലൊരു മാസ് ഹീറോയെ എന്തിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയില്ല. വലിയ വിവാ​ദങ്ങളും പ്രതിഷേധങ്ങളും നേരിട്ട ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചു. എന്നാൽ ‘ജന നായകൻ’ തുടർച്ചയായി സെൻസർഷിപ്പ് പ്രശ്‌നങ്ങൾ നേരിടുകയാണ്", എന്നായിരുന്നു മൻസൂർ അലി ഖാന്റെ വാക്കുകൾ. സെൻസർ ബോർഡിന്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വേണമെന്നും കേന്ദ്രത്തിന്റെ ഇടപെടലില്ലാത്ത ഒരു സ്വതന്ത്ര സമിതിയായി മാറണമെന്നും മൻസൂർ ആവശ്യപ്പെടുന്നുണ്ട്.

പൊങ്കല്‍ റിലീസായി ജനുവരി 9ന് തിയറ്ററുകളില്‍ എത്തേണ്ട സിനിമയായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതായതോടെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയായിരുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming