മരക്കാര്‍ ഒടിടി റിലീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ മറ്റു നാല് സിനിമകളും ഒടിടിയിലേക്ക്

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ആശിര്‍വാദ് സിനിമാസ് (Aashirvad Cinemas) നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് (OTT Release) ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor). സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ച 'മരക്കാര്‍' (Marakakr) സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ മറ്റു സിനിമകളുടെ റിലീസ് സംബന്ധിച്ച തീരുമാനവും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചത്. പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്‍ത മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി (Bro Daddy), ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍ (12th Man), ഷാജി കൈലാസിന്‍റെ എലോണ്‍ (Alone), കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്‍റണി അറിയിച്ചു.

"ഇപ്പോഴത്തെ നിലപാടിലാണല്ലോ കാര്യം. ഇപ്പോഴത്തെ നിലപാട് അനുസരിച്ച് ആശിര്‍വാദ് സിനിമാസ് ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രങ്ങളും ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളും ഒടിടിയിലേക്കാണ്", ആന്‍റണി പറഞ്ഞു. എന്നാല്‍ ആശിര്‍വാദിനെപ്പോലെ ഒരുകമ്പനിക്കും മോഹന്‍ലാലിനും കൊവിഡില്‍ പ്രയാസം അനുഭവിക്കുന്ന തിയറ്റര്‍ മേഖലയോട് ഒരു ധാര്‍മ്മികതയില്ലേ എന്ന ചോദ്യത്തിന് 'ആ തീരുമാനങ്ങള്‍' മാറ്റാന്‍ സമയമുണ്ടല്ലോ എന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി. "ആര്‍ക്കെങ്കിലും മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍", ആന്‍റണി പറഞ്ഞു.

ഫിയോക് തന്നെ കുറ്റപ്പെടുത്തുന്നത് എന്ത് കാരണത്താലാണെന്ന് മനസിലാവുന്നില്ലെന്ന് ആന്‍റണ് പറഞ്ഞു. "കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്‍തിരുന്നത്. അതനുസരിച്ച് ഫിയോകുമായി ചേര്‍ന്ന് തിയറ്റര്‍ ഉടമകളുടെ ഒരു യോഗം ചേര്‍ന്നിരുന്നു. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും മരക്കാര്‍ റിലീസ് ചെയ്യണമെന്നും 21 ദിവസത്തെ ഫ്രീ-റണ്‍ നല്‍കണമെന്നുമായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാല്‍ ഒരു എഗ്രിമെന്‍റ് പ്രകാരമേ കാര്യങ്ങള്‍ നീക്കാവൂ എന്ന് ഫിയോക് പറഞ്ഞതനുസരിച്ച് 220-230 തിയറ്ററുകാര്‍ക്ക് എന്‍റെ ഓഫീസില്‍ നിന്ന് എഗ്രിമെന്‍റുകള്‍ അയച്ചു. എന്നാല്‍ 89 തിയറ്ററുകളുടെ എഗ്രിമെന്‍റുകള്‍ മാത്രമാണ് പടം കളിക്കാം എന്നറിയിച്ച് എനിക്ക് ലഭിച്ചത്. ആ സമയത്തുതന്നെ എനിക്ക് മനസിലായി എല്ലാവരുടെയും പിന്തുണ ഇല്ല എന്നത്. മറ്റു സിനിമകളും വരുന്നതിനാല്‍ എഗ്രിമെന്‍റ് പറ്റില്ലെന്നാണ് മറ്റു തിയറ്ററുകാര്‍ പറഞ്ഞത്", അതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ആന്‍റണി പറഞ്ഞു. "തിയറ്ററുകാര്‍ ആശിര്‍വാദിനെ എല്ലാക്കാലത്തും പിന്തുണച്ചിട്ടുണ്ട്. കൊവിഡിനു മുന്‍പ് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് മരക്കാര്‍. ആ കാലത്ത് ഞാന്‍ നാല് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. ബറോസ്, (അമ്മ) അസോസിയേഷനുമായി ചേര്‍ന്ന് ചെയ്യാനിരിക്കുന്ന സിനിമ, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോക്സിംഗ് ചിത്രം, എമ്പുരാന്‍. ഇതില്‍ ഏതെങ്കിലും സിനിമയ്ക്ക് ഞാന്‍ ഒടിടിയുമായി കരാര്‍ ഉണ്ടാക്കിയോ", ആന്‍റണി ചോദിക്കുന്നു.

മരക്കാര്‍ റിലീസിനായി തിയറ്ററുകാര്‍ തനിക്ക് 40 കോടി നല്‍കി എന്ന പ്രചരണം വാസ്‍തവവിരുദ്ധമാണെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. "കേരളത്തിലെ തിയറ്ററുകള്‍ക്ക് 40 കോടി നല്‍കാന്‍ കഴിയില്ലെന്ന് എനിക്കും തിയറ്ററുകാര്‍ക്കും പൊതുസമൂഹത്തിനും അറിയാവുന്ന കാര്യമാണ്. 4.89 കോടിയാണ് കേരളത്തിലെ തിയറ്ററുകാര്‍ എല്ലാവരുംകൂടി എനിക്ക് തന്നിട്ടുണ്ടായിരുന്നത്. അവര്‍ക്ക് മരക്കാര്‍ റിലീസില്‍ താല്‍പര്യമില്ലെന്ന് എനിക്ക് തോന്നിയപ്പോള്‍ ആ പണം തിരിച്ചുകൊടുത്തു. പക്ഷേ ഒരു തിയറ്ററുകാരും എന്നോട് പൈസ തിരിച്ച് ചോദിച്ചിരുന്നില്ല. തിരിച്ചുതരേണ്ട എന്നാണ് കൊടുത്തപ്പോഴും അവര്‍ പറഞ്ഞത്. എനിക്ക് കേരളത്തിലെ തിയറ്ററുകാര്‍ ഒരു കോടി രൂപ ഇപ്പോഴും തരാനുണ്ട്. നാല് വര്‍ഷം മുന്‍പേ തരാനുള്ളതാണ്. പലപ്പോഴും പണം വൈകി തന്നിട്ടുണ്ട്. പക്ഷേ അക്കാര്യത്തിലൊന്നും വിവാദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ല", ആന്‍റണി പറയുന്നു. 

ഇരുകൂട്ടരും ആവശ്യപ്പെട്ടാൽ മാത്രം ഇനി ചർച്ചയെന്ന് മന്ത്രി, ആന്‍റണിക്ക് മറുപടിയുമായി ഫിയോക്കും

"മോഹന്‍ലാലും പ്രിയദര്‍ശനും ഞാനുമടക്കം മരക്കാറിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പടം തിയറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ പല കാരണങ്ങളാല്‍, വിശേഷിച്ച് കൊവിഡ് സാഹചര്യത്താലാണ് തിയറ്ററില്‍ റിലീസ് ചെയ്യാനാവാത്ത ഒരു സാഹചര്യം വന്നത്. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തിയറ്ററില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിലെ യോഗം നടക്കാതെപോയി. അതാണ് ഒരു അവസാന സാധ്യതയായി കണ്ടിരുന്നത്. സജി ചെറിയാന്‍ സാറിന്‍റെ മുന്നില്‍വച്ച് അസോസിയേഷന്‍ എന്ത് തീരുമാനം എടുത്താലും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നാണ് പറഞ്ഞത്. രണ്ടാമത് തിയറ്ററുകള്‍ തുറന്ന സമയത്ത് മരക്കാറിന്‍റെ റിലീസിനെക്കുറിച്ച് ഫിയോക് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. അത് വളരെ സങ്കടം തോന്നിയ കാര്യമാണ്. തിയറ്ററുകാരുടെ സംഘടന എന്‍റെ സിനിമയോട് നടത്തിയ അപ്രോച്ചിനോട് എനിക്ക് വിയോജിപ്പുണ്ട്. എന്നോട് ആരും സംസാരിച്ചിട്ടില്ല. ഒരു യോഗത്തിനും വിളിച്ചിട്ടില്ല". ഫിയോകിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും ആ സംഘടനയില്‍ പുതിയ നേതൃത്വം വരുന്നതുവരെ സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. 

മരക്കാറിന്‍റെ ഒടിടി റിലീസില്‍ ഇന്നാണ് അന്തിമ തീരുമാനം എടുത്തതെന്നും ഏത് പ്ലാറ്റ്‍ഫോമിലാണ് ചിത്രം എത്തുക എന്നത് കുറച്ചു കഴിഞ്ഞ് പറയാമെന്നും ആന്‍റണി പറഞ്ഞു. "റിലീസ് ഡേറ്റ് അറിയില്ല. മുടക്കിയ തുകയേക്കാള്‍ ലഭിച്ചിട്ടില്ല". മോഹന്‍ലാലിനും പ്രിയദര്‍ശനുമടക്കം സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു താല്‍പര്യമെങ്കിലും അവസാനം എല്ലാവരും സാഹചര്യം മനസിലാക്കി ഒടിടി റിലീസിന് സമ്മതിച്ചെന്നും പ്രിയദര്‍ശനും അക്കാര്യത്തില്‍ സമ്മതമായിരുന്നെന്നും ചോദ്യത്തിനുത്തരമായി ആന്‍റണി പറഞ്ഞു.