Asianet News MalayalamAsianet News Malayalam

മരക്കാർ: ഇരുകൂട്ടരും ആവശ്യപ്പെട്ടാൽ മാത്രം ഇനി ചർച്ചയെന്ന് മന്ത്രി, ആന്റണിക്ക് മറുപടിയുമായി ഫിയോക്കും

മരക്കാർ സിനിമയുടെ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി വിട്ടു നിന്നത് ഫിയോക്ക് അല്ലെന്നും നിർമ്മാതാവ്ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ വിശദീകരിച്ചു

minister saji cheriyan and feuok response over marakkar film ott release
Author
Kochi, First Published Nov 5, 2021, 6:58 PM IST

കൊച്ചി: 'മരക്കാർ അറബിക്കടലിന്റെ സിംഹം' (marakkar ) സിനിമയുടെ റിലീസമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ (ഫിയോക്ക്)(feuok).  മരക്കാർ സിനിമയുടെ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി വിട്ടു നിന്നത് ഫിയോക്ക് അല്ലെന്നും നിർമ്മാതാവ്ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ വിശദീകരിച്ചു. 

'മരയ്ക്കാറിനെതിരെ ഒരു തരത്തിലുമുള്ള നീക്കം ഉണ്ടായിട്ടില്ല. സിനിമ തിയറ്ററിൽ എത്തിക്കാനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും വിജയകുമാർ പറഞ്ഞു. 500 സ്ക്രീനുകളും, 15 കോടി രൂപയും ഉറപ്പ് നൽകിയിരുന്നു. 40 കോടി രൂപ നൽകിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. തിയറ്റർ ഉടമകൾക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തിൽ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായി. ഇതിൽ കൂടുതൽ എന്ത് ചർച്ചയാണ് നടത്താനാവുകയെന്നും വിജയകുമാർ ചോദിച്ചു. മരയ്ക്കാർ ഒടിടി കരാർ നേരത്തെ തന്നെ ഒപ്പിട്ടിരുന്നു എന്നാണ് ഇപ്പോൾ മനസിലാക്കേണ്ടത്. ഇനിയും ചർച്ചകൾക്ക് തയ്യാറാണ്. സാധ്യമായ എല്ലാ വിട്ടുവീഴ്ചകളും ചെയ്യും. അതേ സമയം ആന്റണി പെരുമ്പാവൂർ  തുടർച്ചയായി ഒടിടിക്ക് ചിത്രങ്ങൾ നൽകുന്നതും സംഘടന ചർച്ച ചെയ്യുമെന്നും വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേ സമയം മരക്കാർ സിനിമയുടെ തിയറ്റർ റിലീസ് ആവശ്യത്തിൽ ആന്റണിപെരുമ്പാവൂരും തിയറ്റർ ഉടമകളും പരസ്പരം വിട്ട് വീഴ്ചക്ക് തയാറായിരുന്നില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇരു കൂട്ടരും ആവശ്യപെട്ടാൽ മാത്രമേ ഇനി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. സിനിമാ നിർമ്മാതാവ് പറയുന്നതും തിയറ്റർ ഉടമകൾ പറയുന്നതും ന്യായമാണ്. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. കൂടുതൽ ബിഗ്ബജറ്റ് സിനിമകൾ വരണം കൂടുതൾ ആളുകൾ തിയറ്ററുകളിൽ കയറണം. ഇതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

Marakkar Movie: മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെരുക്കിയ 'മരക്കാർ അറബിക്കടലിൻറെ സിംഹം" ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിലാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യപിച്ചത്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാതിരിക്കാൻ ഫിയോക് ശ്രമിച്ചെന്നും മുന്നോട്ട് വെച്ച ഉപാധികളിൽ ചർച്ചക്ക് പോലും തയ്യാറായില്ലെന്നും വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ കുറ്റപ്പെടുത്തി. ആശീ‍ർവാദ് സിനിമാസ് ഒരുക്കുന്ന ബ്രോഡാഡി, ട്വൽത്ത് മാൻ, എലോൺ, ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മറ്റൊരു ചിത്രവും തിയേറ്ററിലേക്കില്ലെന്ന്  ആൻറണി പെരുമ്പാവൂർ പ്രഖ്യാപിച്ചു. 

Follow Us:
Download App:
  • android
  • ios