കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മോഹൻലാലിന്‍റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം'എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും. മെയ്‌ 13 നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാർ. നിലവിൽ ദേശീയ പുരസ്‌കാര നിറവിലാണ് ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്. 

കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.