Asianet News MalayalamAsianet News Malayalam

കമലിന്റെ സിനിമയിൽ വേഷം, മറീന മൈക്കിളിന്റെ ഒരാ​ഗ്രഹം പൂർത്തിയായി

"എനിക്ക് സിനിമയിൽ സുഹൃത്തുക്കൾ കുറവാണ്. ‍ഞാൻ ആരെയും സുഹൃത്ത് എന്ന് പറയാറില്ല. പക്ഷേ, ഷൈൻ നല്ലൊരു സുഹൃത്താണ്."

Mareena Michael Kurisingal interview Vivekanandan Viralaanu
Author
First Published Jan 13, 2024, 3:38 PM IST

ഒരിടവേളക്ക് ശേഷം സംവിധായകൻ കമൽ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന 'വിവേകാനന്ദൻ വൈറലാണ്' ആണ് ചിത്രം. സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ മറീന മൈക്കിൾ കുരിശിങ്കലും അഭിനയിക്കുന്നു. മറീന സംസാരിക്കുന്നു, സിനിമയെക്കുറിച്ച്, സഹതാരങ്ങളെക്കുറിച്ച്, കമലിന്റെ സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച്.

'വിവേകാനന്ദൻ വൈറലാണ്' സിനിമയിലെ സ്വന്തം കഥാപാത്രത്തെക്കുറിച്ച് പറയാമോ?

എന്റെ കഥാപാത്രത്തിന്റെ പേര് ഐഷു. ഐഷു ഒരു വ്ലോ​ഗറാണ്. നാട്ടിലെ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്ന ഒരു യൂട്യൂബ് ചാനലിലെ അറിയപ്പെടുന്ന ഒരു വ്ലോ​ഗർ എന്ന് പറയാം. സിനിമയിൽ ഉടനീളം സാന്നിധ്യമുള്ള വേഷം തന്നെയാണ്.

എന്തുകൊണ്ടാണ് ഈ വേഷം തെരഞ്ഞെടുത്തത്?

ഞാൻ ഈ വേഷം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ഈ സിനിമ സംവിധാനം ചെയ്യുന്നത് കമൽ എന്ന വലിയ സംവിധായകനാണ് എന്നത് തന്നെയാണ്. എല്ലാവർക്കും ആ​ഗ്രഹം ഉണ്ടാകുമല്ലോ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ.

കമൽ ഒരു ഇടവേളക്ക് ശേഷം ചെയ്യുന്ന ചിത്രം കൂടെയാണ് 'വിവേകാനന്ദൻ വൈറലാണ്'. എങ്ങനെയാണ് കമലിന്റെ സിനിമയിൽ അഭിനയിച്ച അനുഭവം മറീന വിവരിക്കുക?

സത്യം പറഞ്ഞാൽ ഈ തലമുറയിലെ ഒരുപാട് അഭിനേതാക്കൾ ആ​ഗ്രഹിക്കുന്ന ഒന്നാണ് കമൽ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത്. ഞാൻ നേരിട്ട് അദ്ദേഹത്തെ വിളിച്ച് അവസരം ചോദിച്ചതല്ല. ജോസ് വരാപ്പുഴ എന്ന പറയുന്ന എന്റെ സുഹൃത്ത് കൂടെയായ പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് എനിക്ക് അവസരം കിട്ടിയത്. അദ്ദേഹം ഈ സിനിമയുടെ പ്രൊഡക്ഷൻ കണട്രോളറോട് എന്റെ പേര് നിർദേശിച്ചു. അങ്ങനെ നേരിട്ട് കമൽ സാറിനെ കണ്ടു. അദ്ദേഹം കഥ പറഞ്ഞു തന്നു. അങ്ങനെയാണ് ഞാൻ ഈ വേഷം തെരഞ്ഞെടുത്തത്.

'വിവേകാനന്ദൻ വൈറലാണ്' ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ കൂടെയാണ്. ഷൈനോട് വ്യക്തിപരമായ അടുപ്പമുണ്ടോ?ഷൈനെക്കുറിച്ചുള്ള മറീനയുടെ ഇംപ്രഷൻ എന്താണ്?

ഈ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്താണ് ഇത് ഷൈനിന്റെ നൂറാമത്തെ സിനിമയാണെന്ന് അറിഞ്ഞത്. ഷൈൻ അത്രയേറ പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ കാര്യം സംസാരിച്ചിട്ടില്ല. ഇത്രയും മത്സരമുള്ള ഒരു മേഖലയിൽ 100 സിനിമകൾ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ വലിയൊരു നേട്ടം തന്നെയാണിത്. ഷൈനെ എനിക്ക് നേരത്തെയറിയാം. കുറുക്കൻ എന്ന സിനിമയിൽ ഞാനും ഷൈനും കോംബിനേഷൻ സീനുകൾ ചെയ്തിട്ടുണ്ട്. ഷൈൻ നല്ലൊരു സുഹൃത്താണ്. പുറമെ മീഡിയയിൽ കാണുന്ന ഷൈൻ ടോം ചാക്കോയെക്കാൾ വ്യത്യസ്തനാണ് എനിക്ക് അറിയാവുന്ന ഷൈൻ. ഷൈൻ സിനിമയെക്കുറിച്ച് ഒരുപാട് അറിവുള്ള ആളാണ്, വളരെ പ്രൊഫഷണലാണ്. വ്യക്തിയെന്ന നിലയിലും നല്ലൊരാളാണ്. എനിക്ക് സിനിമയിൽ സുഹൃത്തുക്കൾ കുറവാണ്. ‍ഞാൻ ആരെയും സുഹൃത്ത് എന്ന് പറയാറില്ല. പക്ഷേ, ഷൈൻ നല്ലൊരു സുഹൃത്താണ്.

ഈ സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്ന മറ്റു സ്ത്രീ കഥാപാത്രങ്ങളുണ്ട്. ഗ്രേസ്, സ്വാസിക... മറീന ഏറ്റവുമധികം അഭിനയിച്ചത് ആർക്കൊപ്പമാണ്. സഹതാരങ്ങളുമായുള്ള അഭിനയത്തെക്കുറിച്ച് പറയാമോ?

​ഗ്രേസിനും സ്വാസികക്കും ഒപ്പം ഞാൻ ഏതാണ്ട് തുല്യമായി സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്. സ്വാസിക വളരെ എൻർജറ്റിക് ആയിട്ടുള്ള വ്യക്തിയാണ്, ഒരുപാട് കഴിവുകളുള്ള ആളാണ്, വളരെ ഡെഡിക്കേറ്റഡ് ആയി ജോലി ചെയ്യുന്നയാളാണ്. ആരെയും മുഷിപ്പിക്കുന്ന സ്വഭാവവും അവർക്കില്ല. ​ഗ്രേസും അഭിനയിക്കാൻ വളരെ കംഫർട്ടബളായ വ്യക്തിയാണ്.

മറീനയുടെ മറ്റു പ്രോജക്റ്റുകൾ എന്തൊക്കെയാണ്?

ധ്യാൻ ശ്രീനിവാസന്റെ കൂടെ പുതിയൊരു സിനിമയുണ്ട്. മഹേഷ് കേശവ് ആണ് സംവിധാനം. അതിൽ പ്രധാന വേഷമാണ് ചെയ്യുന്നത്. മറ്റൊരു സിനിമ ഇന്ദ്രജിത്തിന്റെ കൂടെയാണ്.

സിനിമയാണോ മറീനയുടെ ആദ്യ കരിയർ ചോയ്സ്?

സിനിമ മാത്രമാണ് എന്റെ കരിയർ ചോയ്സ്. സിനിമയല്ലാതെ ഇപ്പോൾ ഞാൻ മറ്റൊന്നും ചെയ്തില്ല. എത്രത്തോളം ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റുമോ അത്രത്തോളം മുന്നോട്ട് പോകാനാണ് തീരുമാനം. പിന്നെയൊരു ആ​ഗ്രഹം ​ഗായിക ആകണമെന്നാണ്. എന്തായാലും അഭിനയത്തോളം തീവ്രമല്ല ആ ആ​ഗ്രഹം.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)

Latest Videos
Follow Us:
Download App:
  • android
  • ios