മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ 2026 ഡിസംബർ 18-ന് റിലീസ് ചെയ്യും. റോബർട്ട് ഡൗണി ജൂനിയർ വില്ലനായി തിരിച്ചെത്തുന്ന ചിത്രത്തിന്റെ തുടർച്ചയായ സീക്രട്ട് വാർസ് 2027 ഡിസംബർ 17-ന് റിലീസ് ചെയ്യും.

ഹോളിവുഡ്: മാർവൽ സ്റ്റുഡിയോസിന്‍റെ വരാനിരിക്കുന്ന ചിത്രം അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ2026 ഡിസംബർ 18 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അവഞ്ചേഴ്‌സ്, എക്‌സ്-മെൻ, ഫന്റാസ്റ്റിക് ഫോർ, തണ്ടർബോൾട്ട്സ് ടീം എന്നിവർ ഒന്നിക്കുന്ന ചിത്രം 2026 മെയ് 1 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. 

ഡൂംസ്‌ഡേയുടെ റിലീസിന് ശേഷം, അതിന്റെ തുടർച്ചയായ അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ് 2027 ഡിസംബർ 17 ന് തിയേറ്ററുകളിൽ എത്തുമെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. മുന്‍പ് 2027 മെയ് 7 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇത്. 

മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളായ ആവേഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നിവ സംവിധാനം ചെയ്ത റൂസോ ബ്രദേഴ്സിന്‍റെ എംസിയു തിരിച്ചുവരവ് കൂടിയാണ് അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ. ഇരുവരും മുമ്പ് ക്യാപ്റ്റൻ അമേരിക്ക: ദി വിന്റർ സോൾജിയർ (2014), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018), അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം (2019) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഡൂംസ്ഡേയിൽ വിൻസെന്റ് വാൻ ഡൂം അഥവാ ഡോ. ഡൂം എന്ന വില്ലനായി റോബർട്ട് ഡൗണി ജൂനിയർ എംസിയുവിലേക്ക് തിരിച്ചെത്തും. 

2008-ൽ പുറത്തിറങ്ങിയ അയേണ്‍ മാന്‍ എന്ന സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്ത് ടോണി സ്റ്റാർക്കയാണ് റോബർട്ട് ഡൗണി ജൂനിയർ എംസിയുവില്‍ എത്തിയത്. തുടര്‍ന്ന് മൂന്ന് അയേണ്‍ മാന്‍ ചിത്രങ്ങളിലും നാല് അവഞ്ചേഴ്‌സ് ചിത്രങ്ങളും ഉൾപ്പെടെ 10 മാർവൽ സിനിമകളിൽ അദ്ദേഹം അയേണ്‍ മാനായി പ്രത്യക്ഷപ്പെട്ടു. 

2019-ലെ അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിൽ താനോസിനെ പരാജയപ്പെടുത്താൻ ഇൻഫിനിറ്റി ഗൗണ്ട്ലറ്റ് ഉപയോഗിച്ച് സ്വയം ത്യാഗം ചെയ്തുകൊണ്ട് ആർ‌ഡി‌ജെയുടെ അയൺമാൻ മരിക്കുന്നതയാണ് കാണിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം പഴയ തിളക്കം നിലനിര്‍ത്താന്‍ പാടുപെടുന്ന എംസിയുവിന് ജീവ ശ്വാസം നല്‍കും റോബർട്ട് ഡൗണി ജൂനിയറിന്‍റെ തിരിച്ചുവരവ് എന്നാണ് കരുതപ്പെടുന്നത്. 

റിലീസ് ഷെഡ്യൂളിലെ മാറ്റങ്ങൾക്ക് ശേഷം അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേയും സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയും മാത്രമാണ് 2026 ൽ തിയേറ്ററുകളിൽ എത്താൻ പോകുന്ന എംസിയു ചിത്രങ്ങള്‍ എന്നാണ് സൂചന.