കൊവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഭവിക്കുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് 'മാസ്റ്റര്‍'. അതുകൊണ്ടുതന്നെ സാധാരണ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്നതിനേക്കാള്‍ പബ്ലിസിറ്റി ഇന്ത്യയൊട്ടാകെ ലഭിച്ചിരുന്നു ചിത്രത്തിന്. സൂപ്പര്‍ഹിറ്റ് ചിത്രം 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, വിജയ്ക്കൊപ്പം വിജയ് സേതുപതി ആദ്യമായെത്തുന്ന ചിത്രം എന്നീ കാരണങ്ങളാലും സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം 'മാസ്റ്റര്‍' തീയേറ്ററുകളില്‍ എത്തിയിരിക്കുന്നു. എന്താണ് ആദ്യ ഷോകളിലെ പ്രേക്ഷകാഭിപ്രായം? നോക്കാം..

രാവിലെ ഒന്‍പത് മുതല്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന കേരളത്തില്‍ നിന്ന് വിഭിന്നമായി തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാല് മണിക്ക് ഫസ്റ്റ് ഷോ ആരംഭിച്ചിരുന്നു. 100 ശതമാനം പ്രവേശനം കേന്ദ്രം ഇടപെട്ട് 50 ശതമാനം ആക്കിയിരുന്നുവെങ്കിലും പ്രേക്ഷകരുടെ ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രം എന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍.

തീയേറ്ററുകളില്‍ത്തന്നെ കാണാനുള്ള പടമെന്നും വിജയ്‍-വിജയ് സേതുപതി കോമ്പിനേഷന്‍ മികച്ചുനിന്നെന്നും പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ് അവിസ്മരണീയമെന്നും ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിക്കുന്നു. വിജയ്‍യുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാവും മാസ്റ്ററെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം വിജയ്‍യേക്കാള്‍ നന്നായത് വിജയ് സേതുപതിയാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. 50 ശതമാനം വിജയ്‍ ചിത്രവും 50 ശതമാനം തന്‍റെ ചിത്രവുമായിരിക്കും മാസ്റ്റര്‍ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ലോകേഷിന്‍റെ ചിത്രമായതുകൊണ്ടുതന്നെ വിജയ് ആരാധകരെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ചിത്രമായിരിക്കില്ല മാസ്റ്റര്‍ എന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോ കാണാനെത്തിയ വിജയ് ആരാധകരില്‍ ബഹുഭൂരിപക്ഷത്തെയും പ്രീതിപ്പെടുത്താന്‍ ചിത്രത്തിനായി എന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ തെളിയിക്കുന്നത്. ഇത് ചിത്രത്തിന് ഗുണമാകുമെന്നാണ് കോളിവുഡിന്‍റെ പ്രതീക്ഷ.