കൊവിഡ് അനന്തര സിനിമാവ്യവസായത്തിന് പ്രതീക്ഷ പകര്‍ന്നാണ് വിജയ് ചിത്രം 'മാസ്റ്റര്‍' ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ പോയി സിനിമ കാണുക എന്ന ശീലം മാസങ്ങളായി ഇല്ലാത്ത പ്രേക്ഷകര്‍ വിജയ് ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ തന്നെ ആവേശത്തോടെ എത്തിയത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ ഇന്‍ഡസ്ട്രികള്‍ക്കു നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക വിവരം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു സര്‍പ്രൈസ് അപ്‍ഡേഷന്‍ കൂടി പുറത്തുവരുന്നു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നുവെന്ന ഏറെ കൗതുകമുണര്‍ത്തുന്ന വിവരമാണ് അത്.

എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലുങ്ക് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ആഴ്ച മുന്‍പ് ചെന്നൈയില്‍ എത്തിയാണ് മുറാദും എന്‍ഡെമോള്‍ പ്രതിനിധികളും ചിത്രം കണ്ടതെന്നും സിനിമ ഇഷ്ടമായ അവര്‍ റീമേക്കിന് തീരുമാനം എടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. സംവിധായകനെ തീരുമാനിച്ചതിനു ശേഷം തമിഴില്‍ വിജയ്‍യും വിജയ് സേതുപതിയും അവതരിപ്പിച്ച നായക-വില്ലന്‍ കഥാപാത്രങ്ങള്‍ക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. രണ്ട് മുന്‍നിര നടന്മാരായിരിക്കും ഈ വേഷങ്ങള്‍ ചെയ്യുക എന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക.