ചെന്നൈ: സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് മാസ്റ്ററിന്‍റെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി.  'കൈതി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് ആണ് നായകനാകുന്നത്. നേരത്തെ വിജയിയുടെ ഒറ്റയ്ക്കുള്ള ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ എത്തിയിരിക്കുന്ന പോസ്റ്ററില്‍ വിജയ് സേതുപതിയും ഉണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ ഹിറ്റാകുവാന്‍ കാരണം.

വിജയ് നായകനാകുന്ന ചിത്രത്തിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മുഖത്തോടുമുഖം നോക്കി അലറുന്ന ദളപതി വിജയും വിജയ് സേതുപതിയുമാണ് പോസ്റ്ററിലുള്ളത്. വിക്രംവേദയുടെ പോസ്റ്റര്‍ പോലെ എന്നൊക്കെ പരാമര്‍ശങ്ങള്‍ വന്നെങ്കിലും ട്വിറ്ററില്‍ കഴിഞ്ഞ 12 മണിക്കൂറായി ട്രെന്‍റിംഗ് ടോപ്പിക്കായി കിടക്കുകയാണ് മാസ്റ്ററിന്‍റെ പോസ്റ്റര്‍. ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്ന ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ് പുതിയ ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ജനുവരി ഒന്നിനാണ് മാസ്റ്ററിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.