2046-ലെ നിയോ കൊച്ചി പശ്ചാത്തലമാക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോമിലൂടെയാണ് എത്തുന്നത്

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം: സൈമണ്‍സ് മെമ്മറീസ് എന്ന ചിത്രമാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഡേറ്റ് ഇനിയും പുറത്തെത്തിയിട്ടില്ല. അത് വരും ദിവസങ്ങളില്‍ അറിയാം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഇത്. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.

2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലിയും കഥ പറച്ചിൽ രീതിയും ആണ് ചിത്രത്തിന്റേത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ "കോമള താമര" എന്ന ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നടി രജിഷ വിജയൻ ആദ്യമായി നൃത്തം ചെയ്ത ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News