മലയാളത്തിൽ പഴയ സിനിമകളുടെ റീ-റിലീസ് തരംഗത്തിൽ, മോഹൻലാൽ ചിത്രങ്ങൾ വിജയിച്ചപ്പോൾ മമ്മൂട്ടിയുടെ 'അമരം' പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, 2007-ൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ആ മമ്മൂട്ടി ചിത്രം റീ റിലീസായി എത്തുകയാണ്.
റീ റിലീസുകളുടെ തരംഗമാണ് മലയാളത്തിൽ. അടുത്തിടെ പുറത്തറങ്ങിയ മോഹൻലാൽ ചിത്രങ്ങളായ രാവണപ്രഭു, ചോട്ടാമുംബൈ, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് വമ്പൻ വരവേൽപ്പായിരുന്നു ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ റാഫി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'മായാവി' റീ റിലീസായി എത്തുകയാണ്. 2007 ൽ പുറത്തിറങ്ങിയ ചിത്രം പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ റീ റിലീസായി എത്തുന്നത്.
റാഫി- മെക്കാർട്ടിൻ തിരക്കഥയൊരുക്കിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം കൂടിയായിരുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യ മികവോട് കൂടിയാണ് ചിത്രമെത്തുന്നത്. ഗോപിക, സായി കുമാർ, മനോജ് കെ. ജയൻ, സലിം കുമാർ, സൂരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്.
അമരം നൽകിയ നിരാശ
അതേസമയം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'അമരം' നവംബര്‍ 7 നാണ് തിയറ്ററുകളില്‍ വീണ്ടും എത്തിയത്. ഒരു കാലത്ത് വൻ ഹിറ്റായിരുന്ന അമരം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കാലത്ത് അമരം സ്വീകരിക്കപ്പെട്ടില്ലെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെറും മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകള്‍ മാത്രമാണ് അമരത്തിന്റേതായി ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടത്. ഓപ്പണിംഗില്‍ 6.5 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാനായത്. രണ്ടാം ദിവസം 7.2 ലക്ഷവും ചിത്രം നേടിയപ്പോള്‍ മൂന്നാം ദിവസം അത് 5.7 ലക്ഷമായി കുറഞ്ഞു. അങ്ങനെ മൂന്ന് ദിവസത്തിനുള്ളില്‍ ആകെ കളക്ഷൻ 19.40 ലക്ഷം മാത്രമാണ് റീ റിലീസില്‍ നേടിയത് എന്ന സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അമരത്തിന്റെ ക്ഷീണം മായാവിയിൽ തീർക്കാം എന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ.



