കഴിഞ്ഞ ദിവസം രംഭയുടെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. 

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടിരുന്നു. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മൂത്ത മകള്‍ സാഷയെ പരുക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രംഭ.

ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്‍ക്കായും പ്രാര്‍ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. ഞാനും എന്റെ കുട്ടികളും ഇപ്പോള്‍ സുരക്ഷിതരാണ്. ഞങ്ങള്‍ വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരണം. നിങ്ങളില്‍ നിന്ന് കിട്ടിയ പിന്തുണയില്‍ ഞാൻ ആവേശഭരിതയാണ്. എന്റെ സന്തോഷം പങ്കുവയ്‍ക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. സാഷ സുരക്ഷിതയാണ്. എല്ലാവരുടെയും സ്‍നേഹത്തിനും കരുതലിനും നന്ദി എന്നും സാമൂഹ്യമാധ്യമത്തിലെ ലൈവ് വീഡിയോയില്‍ രംഭ പറഞ്ഞു. കാര്‍ അപകടത്തില്‍ പെട്ട കാര്യം രംഭ തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിരുന്നു.

View post on Instagram

ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. 'സര്‍ഗം' എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. 'സര്‍ഗ്ഗം' റിലീസായ 1992ല്‍ തന്നെ 'ആ ഒക്കടി അഡക്കു' എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് 'ചമ്പക്കുളം തച്ചൻ', 'സിദ്ധാര്‍ഥ', 'ക്രോണിക് ബാച്ചിലര്‍', 'ഉള്ളത്തൈ അള്ളിത്ത', 'സെങ്കോട്ടൈ', 'വിഐപി' തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി രംഭ.

മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായ രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.

Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍