ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റായ തലൈവർ 168 ൽ മീനയും പ്രകാശ് രാജും ഉണ്ടാകുമെന്ന് വാർത്ത. സൺപിക്ച്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം തിങ്കളാഴ്ച നടന്നിരുന്നു. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനിയും പ്രകാശ് രാജും ഒന്നിക്കുന്നു എന്നാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.1999 ൽ പുറത്തിറങ്ങിയ കെ എസ് രവികുമാറിന്റെ പടയപ്പയിലാണ് ഇവർ ഇരുവരും അവസാനമാ‌യി ഒന്നിച്ച് അഭിനയിച്ചത്. 

നടി മീനയും ചിത്രത്തിൽ കഥാപാത്രമായി എത്തുന്നുണ്ട്. അജിത്-നയൻതാര താരജോടികൾ ഒന്നിച്ച വിശ്വാസത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തലൈവർ 168. നായികാവേഷത്തിലെത്തുന്നത് മലയാളി നടി കീർത്തി സുരേഷാണ്. സൺ പിക്ച്ചേഴ്സ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.