ചെന്നൈ രോഹിണി തിയറ്ററിലാണ് മീന എത്തിയത്
അഭിനയിച്ച പല ചിത്രങ്ങളും ഇതുവരെ കാണാത്ത അഭിനേതാക്കളുണ്ട്. പലരും അതേക്കുറിച്ച് പറയാറുമുണ്ട്. തിരക്ക് തന്നെയാണ് അതിന് പ്രധാന കാരണം. റിലീസ് സമയത്ത് തിയറ്ററില്‍ പോയി കാണുന്നത് അസൗകര്യം മൂലം താരങ്ങളില്‍ പലരും ഒഴിവാക്കാറുണ്ട്. അവരുടെ സാന്നിധ്യം അറിഞ്ഞെത്തുന്ന ആരാധകബാഹുല്യം തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ സിനിമകളുടെ പ്രൊമോഷന്‍റെ ഭാഗമായി അഭിനേതാക്കള്‍ സമീപകാലത്ത് പലപ്പോഴും തിയറ്ററുകളിലേക്ക് എത്താറുണ്ട്. എങ്കിലും സൂപ്പര്‍ താരങ്ങളില്‍ ഭൂരിഭാഗവും അതിന് തയ്യാറാവാറില്ല. ഇപ്പോഴിതാ നടി മീന താന്‍ നായികയായ ഒരു ചിത്രം തിയറ്ററില്‍ കാണാനെത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. പുതിയ ചിത്രമല്ല, മറിച്ച് 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മീന കാണാനായി എത്തിയത്!
കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ 1995 ല്‍ പ്രദര്‍ശനത്തിനെത്തിയ മുത്തുവാണ് ആ ചിത്രം. 28 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം റീ റിലീസിന്‍റെ ഭാഗമായി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചെന്നൈ രോഹിണി തിയറ്ററില്‍ എത്തിയാണ് മീന ചിത്രം കണ്ടത്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്. ഉള്ള നിറയ്ക്കുന്ന അനുഭവമായി ഇതെന്നും തിരക്ക് കാരണമാണ് മുന്‍പ് നായികയായെത്തിയ ഈ ചിത്രം കാണാന്‍ സാധിക്കാതെപോയതെന്ന് മീന പറയുന്നു. ടിവിയിലും അവര്‍ ഇതുവരെ മുത്തു മുഴുവനായും കണ്ടിരുന്നില്ല. 28 വര്‍ഷങ്ങള്‍ക്ക് ശേഷവും സിനിമയുടെ മാജിക് നിലനില്‍ക്കുന്നുവെന്നും രോഹിണി തിയറ്ററിലെ കാഴ്ച താന്‍ ഒരിക്കലും മറക്കില്ലെന്നും വീഡിയോയ്ക്കൊപ്പം അവര്‍ കുറിച്ചു.
കവിതാലയാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജം ബാലചന്ദറും പുഷ്പ കന്തസാമിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം റിലീസ് സമയത്ത് വന്‍ വിജയമായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച വിജയം നേടിയിരുന്നു. ജപ്പാനില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ ചിത്രം അടുത്തിടെവരെ മുത്തുവായിരുന്നു. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ മറികടക്കുംവരെ.
ALSO READ : 'സുല്‍ത്താന്‍', 'ധൂം 3' വീണു, അടുത്ത ലക്ഷ്യം 'ഗദര്‍ 2'; 'അനിമല്‍' 9 ദിവസം കൊണ്ട് നേടിയത്
