ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം

ദുബൈ എക്സ്പോയില്‍ (Expo 2022 Dubai) പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവാന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായ മേപ്പടിയാന്‍ (Meppadiyan). എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആണ് പ്രദര്‍ശനം. ഫെബ്രുവരി 6ന് വൈകിട്ട് 5 മണിക്കാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുക.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്ന ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതുവരെ തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി കളക്റ്റ് ചെയ്‍തെന്ന് കാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റ് ആയി 2.5 കോടിയും ഒടിടി റൈറ്റ് വകയില്‍ 1.5 കോടിയും ചിത്രം സ്വന്തമാക്കിയെന്നും കാന്‍ ചാനലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്‍റെ ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്നു മാറി കുടുംബനായകന്‍ ഇമേജില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ വിഷ്‍ണു മോഹന്‍ ആണ്. അഞ്ജു കുര്യന്‍ ആണ് നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലും റിലീസ് നീട്ടിവെക്കാതെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ ചിത്രം എത്തുകയായിരുന്നു.