ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ്ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു.  താരത്തിന്‍റെ 55-ാം പിറന്നാളിന് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വൈറലായതിന് പിന്നാലെ മിലിന്ദിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ''ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്‍റ് റണ്ണിംങ്' എന്ന അടിക്കുറുപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം താരം ട്വിറ്ററിലൂടെ  പങ്കുവച്ചിരുന്നത്.

ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത് എന്നാല്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പൊലീസ് ആണ് കേസെടുത്തത്. മുന്‍പും നഗ്നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരമാണ് മിലിന്ദ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും 'നമ്പര്‍' മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം. 

രണ്ട് ദിവസം മുമ്പ് സര്‍ക്കാരിന്‍റെ കീഴിലുള്ള ഡാമില്‍ അതിക്രമിച്ച് കയറി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പൊലീസ് കേസെടുത്തിരിക്കുന്നത്.