തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ അതിഥികളായെത്തി സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥും നടൻ ജഗദീഷും. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ഉടൻ നടപ്പാക്കുമെന്ന് വിഷ്ണുനാഥ് അറിയിച്ചു.

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ വിശേഷങ്ങളുമായി വിശിഷ്ട അതിഥികൾ ഏഷ്യാനെറ്റ് ന്യൂസിൽ. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന ബജറ്റ് വാഗ്ദാനം ഉടൻ പ്രവർത്തികമാകുമെന്ന് സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ഭരിക്കപ്പെടുന്നുവെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകാത്ത ഭരണമാണ് സർക്കാർ ലക്ഷ്യം വെക്കേണ്ടതെന്ന് നടൻ ജഗദീഷും പറഞ്ഞു. നമസ്തേ കേരളത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നമസ്തേയിൽ അതിഥിയായെത്തി. മോഹൻലാൽ തൂഫാൻ വാരിയറായതിന് ശേഷം ഒട്ടേറെ സിനിമാതാരങ്ങൾ പിന്തുണയുമായി എത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ഭാവി പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു.

സിനിമാ താരങ്ങളെ വ്യക്തിപരമായി അറിയാം. വ്യക്തിപരമായി അവരെല്ലാം നല്ലയാളുകളാണ്. കേൾക്കുന്നത് പോലെയുള്ള പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ സംഘടനാപരമായി നോക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളേക്കാൾ സംഘർഷഭരിതമാണ് സിനിമാസംഘടനയെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. സിനിമാ സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് പരിഹരിക്കണം. മന്ത്രിയെന്ന നിലയിൽ സിനിമാവ്യവസായത്തെ പ്രോൽസാഹിപ്പിക്കലാണ് ലക്ഷ്യം. അതിന് ചെയ്യാനുള്ളത് സിനിമക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ സിനിമക്ക് ഇൻഡസ്ട്രി സ്റ്റാറ്റസ് നൽകലാണ്. അതിൻ്റെ ഡ്രാഫ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 10ന് മുമ്പ് ഇൻഡസ്ട്രി പദവി നൽകുമെന്നും മന്ത്രി പറഞ്ഞു.