മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം

സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഒരു ഡയറക്ട് ഒടിടി റിലീസുകള്‍ക്കും കിട്ടിയിട്ടില്ലാത്ത തരത്തിലുള്ള ഹൈപ്പ് ലഭിച്ച ചിത്രമാണ് മിന്നല്‍ മുരളി (Minnal Murali). മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ തങ്ങളുടെയും മികച്ച 'ക്യാച്ച്' ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് നെറ്റ്ഫ്ലിക്സ് (Netflix). സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു ശേഷം എത്തുന്ന നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ റിലീസുമാണ് ചിത്രം. ആയതിനാല്‍ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും എത്തിക്കാന്‍ ഉതകുംവിധമുള്ള പ്രൊമോഷണല്‍ രീതികളാണ് നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിംഗ് ടൈമും പുറത്തെത്തിയിരിക്കുകയാണ്.

ക്രിസ്‍മസ് റിലീസ് ആയി 24ന് ചിത്രം എത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ റിലീസിംഗ് ടൈം പറഞ്ഞിരുന്നില്ല. വേറിട്ട സമയങ്ങളിലാണ് നെറ്റ്ഫ്ലിക്സ് റിലീസുകള്‍ പലപ്പോഴും എത്താറ്. മിന്നല്‍ മുരളി ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 1:30നാവും എത്തുക. ടൊവീനോ തോമസും (Tovino Thomas) ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സോഫിയ പോളുമൊക്കെ റിലീസിംഗ് ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോയും ഒന്നിക്കുന്ന ചിത്രം ആദ്യം തിയറ്റര്‍ റിലീസ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രമാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലം നീണ്ടുപോകവെ നെറ്റ്ഫ്ലിക്സുമായി മികച്ച ഡീല്‍ ഉറച്ചതോടെ ഡയറക്ട് ഒടിടി റിലീസിലേക്ക് തിരിയുകയായിരുന്നു. ഭാഷാഭേദമന്യെ ലോകത്തെവിടെയും ഏറ്റവുമധികം ആരാധകരുള്ള ഴോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എന്നതിനാല്‍ മിന്നല്‍ മുരളിയുടെ സാധ്യത നെറ്റ്ഫ്ലിക്സ് തിരിച്ചറിയുകയായിരുന്നെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെ നടന്നിരുന്നു. ഈ മാസം 16നായിരുന്നു ജിയോ മാമിയിലെ പ്രീമിയര്‍. പ്രീമിയറിനു ശേഷം മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.