ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന പുതിയ ത്രില്ലർ ചിത്രം 'മിറാഷ്' തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനങ്ങൾക്കിപ്പുറം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ജീത്തു ജോസഫ് ഒരു ത്രില്ലര്‍ ചിത്രവുമായി എത്തുമ്പോള്‍ അതിനൊപ്പം എപ്പോഴും പ്രേക്ഷക പ്രതീക്ഷകളും ഉണ്ടാവും. കൂമന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ചിത്രം, മിറാഷ് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ ചിത്രങ്ങളുമായി പ്രേക്ഷകരെ പലകുറി ഞെട്ടിച്ചിട്ടുള്ള ജീത്തുവിന് ഇക്കുറി അത് സാധിച്ചോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ എത്തിയിട്ടുണ്ട്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ലഭിക്കുന്നത്.
ത്രില്ലര്‍ എന്ന ജോണറിനോട് നീതി പുലര്‍ത്തുന്ന, ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്ന ചിത്രമാണിതെന്ന് ലെറ്റ്സ് സിനിമ എന്ന പേജ് എക്സില്‍ കുറിച്ചിരിക്കുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നും സ്പോയിലേഴ്സ് വരുന്നതിന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ത്തന്നെ കാണുന്നതാവും ഉചിതമെന്നും അവര്‍ കുറിക്കുന്നു. പ്ലോട്ടിലേക്ക് എത്തുന്നത് പതിയെ ആണെങ്കിലും പതിയെ തിരി കൊളുത്തി കത്തിക്കയറുന്ന ത്രില്ലര്‍ എന്നാണ് അരുണ്‍ വിജയ് എന്നയാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. അബ്ബാസ് അന്‍വര്‍ എന്നയാള്‍ ആദ്യ പകുതിക്ക് ശേഷം എക്സില്‍ കുറിച്ചിരിക്കുന്നത് ഗ്രിപ്പിംഗും എന്‍ഗേജിംഗുമായ ആദ്യ പകുതി എന്നാണ്. ചിത്രത്തിന്‍റെ രണ്ടാം പകുതി നല്ലതാണെന്നും ട്വിസ്റ്റുകള്‍ വര്‍ക്ക് ആയിട്ടുണ്ടെന്നും ജെഡീസ് സിനിമ എന്ന എക്സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖാചിത്രം' ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ, സംഭാഷണം ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്.



