Asianet News MalayalamAsianet News Malayalam

അക്ഷയ് കുമാറായിരുന്നില്ല, ആദ്യം നായകനാക്കാൻ ആലോചിച്ചത് മോഹൻലാലിനെയെന്ന് ഹിന്ദി സംവിധായകൻ

തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മോഹൻലാലും ശ്രീദേവിയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്.

Mission Mangal film director Jagan Shakthi speaks about charecters
Author
Mumbai, First Published Jul 26, 2019, 5:34 PM IST

ഇന്ത്യയുടെ ചൌവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഐഎസ്‍ആര്‍ഒയിലെ മുതിര്‍ന്ന ശാസ്‍ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം ചിത്രത്തിലെ നായകനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് മോഹൻലാലിനെയാണെന്ന് സംവിധായകൻ ജഗൻ ശക്തി പറയുന്നു. ഓണ്‍ മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗൻ ശക്തി ഇക്കാര്യം പറയുന്നത്.

യുഎസ്‍എയടെ നാസയും ഇന്ത്യയുടെ ഐസ്‍ആര്‍ഒയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎസ്‍ആര്‍ഒയില്‍ സാധരക്കാരാണ് അസാധരണമായ കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഐഎസ്‍ആര്‍ഒയിലുള്ളത്.  അതുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് തെന്നിന്ത്യൻ താരങ്ങളെ കാസ്റ്റ് ചെയ്‍തത്.  തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മോഹൻലാലും ശ്രീദേവിയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ പിന്നീട് അത് അക്ഷയ് കുമാറിലേക്കും വിദ്യാ ബാലനിലേക്കും മാറി. തെന്നിന്ത്യയിലും ഹിന്ദിയിലും പ്രശസ്‍തയായ നടി എന്ന നിലയിലായിരുന്നു തപ്‍സിയെ കാസ്റ്റ് ചെയ്‍തിരുന്നത്. മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാൻ വിചാരിച്ചതും നടന്നില്ല. അത് പിന്നീട് നിത്യാ മേനോനിലേക്ക് എത്തുകയായിരുന്നു. വിദ്യാ ബാലന്റെ കഥാപാത്രം എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്- ജഗൻ ശക്തി പറയുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവര്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് വേഷമിടുന്നത്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.  ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios