വിവാഹശേഷം സിനിമയില്‍ തുടരില്ലേ എന്ന ചോദ്യത്തിന് താനിവിടെത്തന്നെ ഉണ്ടാവുമെന്നായിരുന്നു നടി മിയ ജോര്‍ജ്ജ് വിവാഹത്തിന്‍റെ സമയത്ത് പറഞ്ഞത്. ഇപ്പോഴിതാ മിയയുടെ വാക്ക് യാഥാര്‍ഥ്യമാവുന്നു. അതും കരിയറിലെ ആദ്യ ടൈറ്റില്‍ റോളില്‍ അഭിനയിച്ചുകൊണ്ട്. 'ഇര' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സൈജു എം എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മിയയാണ് നായികയാവുന്നത്. 'സിഐഡി ഷീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരമെത്തുന്നത്. പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

വരാനിരിക്കുന്ന വൈശാഖ്-മമ്മൂട്ടി ചിത്രം 'ന്യൂയോര്‍ക്കി'ന്‍റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്‍റെ രചന. നേരത്തെ സൈജു എം എസിന്‍റെ 'ഇര'യ്ക്ക് തിരക്കഥയൊരുക്കിയതും നവീന്‍ ജോണ്‍ ആയിരുന്നു. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് പ്രമുഖ സംവിധായകന്‍ മഹേഷ് നാരായണനാണ്. ഛായാഗ്രഹണം രാജീവ് വിജയ്. സംഗീതം പ്രകാശ് അലക്സ്. കാസ്റ്റിംഗ് ഡയറക്ടര്‍ പ്രശാന്ത് അലക്സാണ്ടര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.