വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ ഹേറ്റ് കമന്റുകളുണ്ടായിരുന്നു.

മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ചിത്രം തിയറ്ററിൽ പ്രദർശനം തുരുന്നതിനിടെ തന്നെ വാഴ 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് രണ്ട് ഭാഗങ്ങളും ആണ്‍കുട്ടികളുടെ കഥകളാണ് പ്രധാനമായും പറഞ്ഞതെങ്കില്‍ വാഴ 3 ലെ പ്രധാന കഥാപാത്രങ്ങള്‍ പെണ്‍കുട്ടികള്‍ ആയിരിക്കുമെന്ന് തിരക്കഥാകൃത്ത് വിപിൻദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ്' എന്നാണ് മൂന്നാം ഭാഗത്തിന്‍റെ ടാഗ് ലൈന്‍‌. ഈ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ഹേറ്റ് കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ''ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ'', എന്ന രീതിയിലായിരുന്നു ചിലരുടെ കമന്റുകൾ. ഇത്തരം കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്ത്.

Add Asianetnews as a Preferred SourcegooglePreferred

''വാഴ 3 യുടെ പോസ്റ്റർ വന്നതിനു ശേഷം കുറേ ആണുങ്ങൾക്ക് ട്രിഗറായി. എല്ലാ ആണുങ്ങൾക്കുമല്ല, പിന്തുണക്കുന്ന കുറേ ആണുങ്ങളുണ്ട്. അത് നല്ല കാര്യം തന്നെ. പക്ഷേ, ചിലർക്ക് ട്രിഗറായി. കുഴപ്പമില്ല, അവർക്ക് എന്തെങ്കിലും ട്രോമ ഉണ്ടാകും. ഇത്തരം കമന്റുകളൊക്കെ സ്പാം അക്കൗണ്ടുകളിൽ നിന്നാണ് വരുന്നത്. ഇതിൽ ആരെങ്കിലും ചിലപ്പോൾ നിങ്ങൾക്ക് അറിയുന്നവർ ആയിരിക്കാം. നിങ്ങളുടെ കൂടി പഠിച്ചവരോ നിങ്ങളുടെ കസിൻസോ ഒക്കെ ആയിരിക്കാം. അതെന്നെ ഭയങ്കരമായി ഭയപ്പെടുത്തുന്ന കാര്യമാണ്. ഇക്കാര്യത്തിന് ഇത്രയും ട്രിഗർ ആകുന്നുണ്ടെങ്കിൽ അവരുടെ വീട്ടിലും സമൂഹത്തിലും എങ്ങനെയായിരിക്കും? ഈ സമയം കൊണ്ട് വീട്ടിൽ അമ്മക്ക് തേങ്ങ ചിരകിക്കൊടുത്താൽ അതിന്റെയെങ്കിലും പുണ്യം കിട്ടും'', ദയ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക