അമന്‍, റോഷ്‌നി എന്നിവരുടെ മനോഹരമായ പ്രണയകഥ പറയുന്ന പരമ്പര മൊഹബത്ത് അതിന്റെ 09 എപ്പിസോഡുകള്‍ എത്തിനില്‍ക്കുമ്പോള്‍ കഥാഗതിയിലെ ദുരൂഹതകളും, ആരേയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഗ്രാഫിക്‌സ് മനോഹാരിതയുംകൊണ്ട് കാഴ്‍ചക്കാരെ ആകാംക്ഷയുടെ നെല്ലിപ്പടിയിലെത്തിക്കുകയാണ്. മന്ത്രിക കഴിവുകളുള്ള അമന്റെ വിവാഹത്തിന് വധുവായ ആയിഷയെ മാറ്റി ജിന്ന് അമനെ വിവാഹം കഴിക്കുകയാണ്. അമനെ ജിന്നില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിവുള്ള മറുപകുതിയായ അയാന എന്ന നിലയ്ക്കാണ് ആയിഷയെ വിവാഹം ചെയ്യാന്‍ അമന്‍ സമ്മതിക്കുന്നത്. അമന്റെ വീട്ടില്‍ കയറിപ്പറ്റി വീട്ടിലെ മാന്ത്രിക വിളക്ക് കൈവശമാക്കുകയാണ് ജിന്നിന്റെ ലക്ഷ്യം. അതിലൂടെ അമന്റെ പ്രത്യേക കഴിവുകള്‍ ഇല്ലാതാക്കുകയും അമനെ പ്രത്യുപകാരം എന്ന നിലയ്ക്ക് കൊണ്ടുപോകുകയുമാണ് ജിന്ന് ചെയ്യുന്നത്. അതേ സമയം റോഷ്‌നിയെ ഉമ്മ ചതിയിലൂടെ, മറ്റൊരു ഭാര്യയും കുട്ടിയുമുള്ള ഒരാളെക്കൊണ്ട് പണത്തിനുവേണ്ടി വിവാഹം കഴിപ്പിക്കുകയുമാണ് പരമ്പരയുടെ നിലവിലെ കഥാഗതി.

പുതിയ എപ്പിസോഡില്‍ അമന്‍ തന്റെ ഏക ആശ്രയമായ മറുപകുതി  ആയിഷയല്ല, അയാന റോഷ്‌നിയാണ്  എന്നു മനസ്സിലാക്കുകയാണ്. ആയിഷയെ വീട്ടിലെ ജിന്നിന്റെ പ്രശ്‌നം അറിയിക്കാതിരിക്കാന്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചതാണ്. എന്നാല്‍ അവരുടെ പിന്നാലെ ചെന്ന് തന്റെ മറുപകുതി തൊട്ടാല്‍മാത്രം വിടരുന്ന മൊട്ടില്‍ ആയിഷയുടെ കൈവെപ്പിച്ചിട്ടും മൊട്ടുകള്‍ വിരിയുന്നില്ല. തിരികെ വീട്ടിലെത്തുമ്പോള്‍ പെങ്ങളുടെ മോന്‍ ഒരു വീഡിയോ കാണിക്കുകയാണ്. അമന്റെ വിവാഹദിവസം വീട്ടില്‍ പലഹാരങ്ങള്‍ നല്‍കാൻ റോഷ്‌നി എത്തിയപ്പോള്‍ മൊട്ടുകള്‍ വിടരുന്നത് ആയിരുന്നതായിരുന്നു വീഡിയോയിലുണ്ടായ രംഗം. വീട്ടുകാര്‍ക്ക് റോഷ്‌നിയെ അറിയില്ല. പക്ഷേ അമന്‍ റോഷ്‌നിയെ തിരിച്ചറിയുകയാണ്. വീഡിയോ കാണിക്കണമെങ്കില്‍ തന്റെ അടുത്ത ഒരാഴ്‍ചത്തെ ഹോംവര്‍ക്ക് വീട്ടുകാര്‍ ചെയ്യണമെന്നും, ചോക്ലേറ്റ് എത്രവേണമെങ്കിലും കഴിക്കാന്‍ സമ്മതിപ്പിക്കണം എന്നെല്ലാമുള്ള കുട്ടിയുടെ നിബന്ധനകള്‍ പരമ്പരയെ കൂടുതല്‍ നിറമുള്ളതാക്കിമാറ്റുന്നു.

റോഷ്‌നിയെ  വിളിച്ചുവരുത്താന്‍ വീട്ടുകാര്‍ അമനെ നിര്‍ബന്ധിക്കുന്നു. അങ്ങനെ വീട്ടിലെത്തിയ റോഷ്‌നി, അറിയാതെ മൊട്ടില്‍ തൊടുമ്പോള്‍ അത് വിരിയുകയും അയാന തന്നെയാണെന്ന് വീട്ടുകാര്‍ ഉറപ്പിക്കുകയുമാണ്. എന്നാല്‍ റോഷ്‌നിയുടെ വീടന്വേഷിച്ചുപോയ അമന്‍ റോഷ്‌നിയുടെ ഉമ്മ ബാര്‍ ഡാന്‍സര്‍ ആണെന്നും മറ്റുമറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഓരോ എപ്പിസോഡുകളിലും ട്വിസ്റ്റ് ഒളുപ്പിച്ചു വച്ച പരമ്പര, ഈ എപ്പിസോഡില്‍ റോഷ്‌നിയുടെ യഥാര്‍ത്ഥ ഉമ്മയല്ല ബാര്‍ ഡാന്‍സറായ സ്ത്രീയെന്നും, അവളെ പുഴയില്‍നിന്ന് ഒഴുകി കിട്ടിയതാണെന്നും പറയുന്നു. പണ്ട് അമന്റെ ഉപ്പ ജിന്നിനുവേണ്ടി ചെയ്‍ത പ്രവൃത്തികളിലൊന്ന് അതായിരുന്നു. അവളെ കണ്ടെത്തി അവെളെ സ്വന്തമാക്കിയാല്‍ അമന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.

എന്നാല്‍, റോഷ്‌നി അയാന ആണെങ്കിലും അല്ലെങ്കിലും ബാര്‍ ഡാന്‍സറായ ഒരുമ്മയുടെ മകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ താന്‍ സമ്മതിക്കില്ല എന്ന് അമന്റെ ഉമ്മ പറയുന്നതാണ് പ്രൊമോയിലുള്ളത്. അതേ സമയം ഉമ്മയുടെ നിര്‍ബന്ധപ്രകാരം റോഷ്‌നി ഒരു ചടങ്ങില്‍ നൃത്തവുമവതരിപ്പിക്കുന്നു.

ജിന്നിനെ മറികടക്കാന്‍ അമനും റോഷ്‌നിയും ഒന്നായേ മതിയാവുകയുള്ളു. പക്ഷെ റോഷ്‌നിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. റോഷ്‌നിയെ വീട്ടിലേക്കെത്തിക്കാന്‍ അമന് സാധിക്കുമോ, അതിന് അമന്റെ ഉമ്മ സമ്മതിക്കുമോ, പ്രണയകഥ എങ്ങനെ മുന്നോട്ടുപോകും എന്നറിയാന്‍ എപ്പിസോഡുകള്‍ കാത്തിരിക്കുക തന്നെ വേണം.